ഫോണിൽ വേണം ജാഗ്രത നഷ്ടപ്പെട്ടാൽ കുരുക്ക് വീഴും
ആറുമാസത്തിൽ തിരിച്ചുകിട്ടിയ ഫോണുകൾ 180
കണ്ണൂർ: ഓൺലെൻ സൈബർ ക്രൈമുകൾ വർദ്ധിച്ച സാഹചര്യത്തിൽ ഫോണുകൾ നഷ്ടപ്പെടാതെ നോക്കണമെന്ന് പൊലീസ്, സൈബർ സെൽ മുന്നറിയിപ്പ്. മോഷ്ടിച്ച ഫോണുകൾ ഉപയോഗിച്ച് ഏറ്റവും എളുപ്പത്തിൽ സൈബർ തട്ടിപ്പുകൾ നടത്താൻ സാധിക്കുമെന്നതാണ് മുന്നറിയിപ്പിന് പിന്നിൽ.
ഒരു ഫോണല്ലെയെന്ന് വിചാരിച്ച് തള്ളിക്കളയുന്നത് വൈകാതെ വലിയ കുരുക്കിൽ പെടുന്നതിന് വഴി വെക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. നഷ്ടപ്പെട്ട ഫോണുകൾ ഉപയോഗിച്ച് ചെയ്യുന്ന എന്ത് ഇടപാടുകൾക്കും അവസാനം കാരണക്കാരനാകുന്നത് ഫോണിന്റെ ഉടമസ്ഥമനായിരിരുക്കും. ഇല്ലെങ്കിൽ ഫോൺ നഷ്ടപ്പെട്ടു എന്നതിന് കൃത്യമായ രേഖയെങ്കിലും ഉണ്ടാക്കിവെക്കണമെന്ന് പൊലീസ് പറയുന്നു.ഇതിന് പൊലീസിലോ, സൈബർ സെല്ലിലോ പരാതി നൽകുകയോ സി.ഇ.ഐ.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ വേണം. അല്ലാത്ത പക്ഷം കുറ്റം ചെയ്തത് തങ്ങളല്ലെന്ന് തെളിയിക്കാനുള്ള നിയമസാദ്ധ്യത കുറയും. നിലവിൽ കണ്ണൂർ ജില്ലയിൽ മൊബൈൽ ഫോൺ മോഷണം വർദ്ധിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളിലും മറ്റും പരാതി നൽകുന്നുണ്ടെങ്കിലും ഒരു വിഭാഗം പരാതി നൽകുന്നില്ലെന്നാണ് സൈബർ സെൽ നൽകുന്ന വിവരം.
ഒറ്റ ദിവസം നഷ്ടപ്പെടുന്നത് 20 മുതൽ 25 വരെ ഫോണുകൾ
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇരുപത് മുതൽ 25 പരാതികൾ വരെ ഒരു ദിവസം വരുന്നുണ്ട്. കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായാണ് കൂടുതൽ പരാതികൾ . പ്രധാന നഗരങ്ങളായതിനാൽ ദീർഘ ദൂര യാത്രക്കാരും വിമാനത്താവളത്തിലേക്ക് പോകുന്നവരും പരാതി നൽകുന്നതാണ് ഈ സ്റ്റേഷനുകളിൽ പരാതികൾ കൂടാനുള്ള കാരണം. നഷ്ടപ്പെട്ട ഫോണുകൾ പരാതി ലഭിച്ചാലുടനെ സൈബർ പൊലീസിന് ട്രേസ് ചെയ്യാൻ സാധിക്കും. നഷ്ടപ്പെട്ട ഫോണുകൾ സിം മാറ്റി ഉപയോഗിച്ചാലും മോഷ്ടാവിനെ കുടുക്കാൻ സാധിക്കും. വിൽക്കാൻ എത്തിക്കുകയാണെങ്കിൽ വിശ്വസനിയമായ ആളാണോ വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് നോക്കാൻ കച്ചവടക്കാർക്കും സൈബർ സെൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പത്തുദിവസത്തിൽ തിരികെ കിട്ടിയത് 22 ഫോണുകൾ
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ജില്ലയിൽ നിന്ന് കാണാതെ പോയ 22 മൊബൈൽ ഫോണുകളാണ് കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റി സൈബർ പൊലീസിന്റെ നേതൃത്വത്തിൽ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചേൽപ്പിച്ചത്. കേരളം, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ഈ ഫോണുകൾ കണ്ടെത്തിയിട്ടുളളത്. ആറു മാസത്തിനിടയിൽ 180 ഫോണുകളാണ് തിരിച്ചേൽപ്പിച്ചിട്ടുള്ളത്.
ഫോണുകൾ നഷ്ടമായാൽ പരിഭ്രമിക്കേണ്ടതില്ല. തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ സൈബർ സെല്ലിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. എന്നാൽ കൃത്യമായി പൊലീസിനെ അറിയിക്കാനും പരാതി നൽകുവാനും തയ്യാറാകണം- ജില്ല സൈബർ സെൽ വിഭാഗം