പ്രതിയായ ഗൃഹനാഥൻ ഓടിരക്ഷപ്പെട്ടു വീടിന്റെ പൂജാമുറിയിൽ കഞ്ചാവും എം.ഡി.എം.എയും
തലശ്ശേരി : തിരുവങ്ങാടി ഇല്ലത്ത് താഴെ പവിത്രത്തിൽ എൻ.എം.റനിലിന്റെ വീട്ടിലെ പൂജാമുറിയിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെ സ്ഥലത്തെത്തിയ തലശ്ശേരി ഇൻസ്പെക്ടർ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പൂജാമുറിയിൽ കവറുകളിലും മുറത്തിലുമായി സൂക്ഷിച്ച 1.25 കിലോ കഞ്ചാവും 5.9 ഗ്രാം എംഡിഎംഎയും കണ്ടെടുത്തത്.
പൊലീസ് സംഘത്തെ കണ്ട റനിൽ ഓടി രക്ഷപ്പെട്ടു.കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും അളക്കാനുപയോഗിക്കുന്ന ത്രാസും ഇവിടെ നിന്ന് കണ്ടെടുത്തു. കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റനിലെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ആളുകൾ അന്വേഷിച്ച് വരാറുണ്ടെന്നും സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. റനിലിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.