പാക് വാണിജ്യബന്ധം അവസാനിപ്പിച്ച് ഇന്ത്യ, പാക് കപ്പലുകൾക്ക് വിലക്ക്, ഇറക്കുമതിക്ക് നിരോധനം
# തപാൽപോലും അനുവദിക്കില്ല
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഒത്താശ ചെയ്ത പാകിസ്ഥാനെ പാഠം പഠിപ്പിക്കാനുള്ള അടുത്ത നടപടിയായി അവിടെ നിന്നുള്ള ഇറക്കുമതി ഇന്ത്യ നിറുത്തിവച്ചു. പാകിസ്ഥാൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശനമില്ല . കത്തും പാഴ്സലും അടക്കം നിരോധിച്ചു. ഇന്ത്യൻ കപ്പലുകൾ പാകിസ്ഥാനിൽ പോകുന്നതും വിലക്കി.
ഏതു സാധനസാമഗ്രിയായാലും അതിന്റെ ഉറവിടമോ, അതു കയറ്റി അയയ്ക്കുന്നതോ പാകിസ്ഥാനാണെങ്കിൽ ഇന്ത്യയിൽ കൊണ്ടുവരാനാകില്ല. അതു നേരിട്ടായാലും പരോക്ഷമായി മറ്റു രാജ്യങ്ങൾവഴിയായാലും വിലക്ക് ബാധകമായിരിക്കും. ഇന്ത്യ വഴി മറ്റു രാജ്യങ്ങളിലേക്ക് പാക് സാധനങ്ങൾ കയറ്റി അയയ്ക്കുന്നതും നിരോധിച്ചു. ഇതോടെ പാകിസ്ഥാനുമായുള്ള ഉഭയകക്ഷി വാണിജ്യ ബന്ധത്തിന് പൂർണ വിരാമമിടുകയാണ് ഇന്ത്യ.
ദേശീയ സുരക്ഷയും പൊതുതാത്‌പര്യവും പരിഗണിച്ചാണ് നടപടിയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
2019 ലെ പുൽവാമ ആക്രമണത്തിനുശേഷം, പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, സിമൻറ് എന്നിവയുൾപ്പെടെ എല്ലാ സാധനങ്ങൾക്കും 200% തീരുവ ചുമത്തിയെങ്കിലും വാണിജ്യ ബന്ധം വിഛേദിക്കുന്നതരത്തിലുള്ള കടുത്ത നടപടി ആദ്യമായാണ്.
ഇന്ത്യാ-പാക് വാണിജ്യം
(തുക ഡോളറിൽ)
2021-22 :
കയറ്റുമതി- 51.382 കോടി
ഇറക്കുമതി- 25.4 ലക്ഷം
2022-23:
കയറ്റുമതി- 62.71 കോടി
ഇറക്കുമതി- 201.1ലക്ഷം
2024 -2025 ജനുവരി:
കയറ്റുമതി 44.765 കോടി,
ഇറക്കുമതി 4.2 ലക്ഷം
പഹൽഗാം ഭീകരർക്കായി കൊളംബോയിൽ തെരച്ചിൽ
പഹൽഗാം ആക്രമത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഭീകരർ ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയെന്ന രഹസ്യ സൂചനയുടെ അടിസ്ഥാനത്തിൽ ശ്രീലങ്കൻ വിമാനത്താവളത്തിൽ തെരച്ചിൽ. ഇന്നലെ രാവിലെ 11:59 ന് കൊളംബോ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശ്രീലങ്കൻ എയർലൈൻസിന്റെ യു.എൽ122 വിമാനത്തിലാണ് പരിശോധന നടത്തിയത്. സംശയാസ്പദമായി ആരെയും കണ്ടെത്താനായില്ല.
ഭീകരർ ബങ്കറിൽ
മാസങ്ങളോളം കഴിയാനുള്ള ഭക്ഷ്യവസ‌്‌തുക്കളുമായി പഹൽഗാം ഭീകരർ വനത്തിനുള്ളിലെ ബങ്കറിൽ ഒളിച്ചു കഴിയുന്നതായി എൻ.ഐ.എ. അവർക്കായി തിരച്ചിൽ ഉൗർജ്ജിതം.