വിപിൻ വധക്കേസ്, മൂന്നാം പ്രതിയെ വെറുതെവിട്ടു

Sunday 04 May 2025 1:44 AM IST

തിരുവനന്തപുരം:ഗുണ്ടാകുടിപ്പകയെ തുടർന്ന് ആനയറയിൽ ഓട്ടോ ഡ്രൈവറായ പേട്ട താഴശ്ശേരി വിപി (36) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയെ വെറുതെ വിട്ടു. ചാക്ക മുടുമ്പിൽ വിനീഷിനെയാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി- ആറ് ജഡ്ജി വിഷ്ണു വെറുതെ വിട്ടത്.തെളിവുകളുടെ അഭാവത്തിലാണ് വെറുതെവിട്ടത്.

2019ലാണ് സംഭവം.കൊല്ലപ്പെട്ട വിപിൻ 2014ൽ കാരാളി സ്വദേശിയും വർക്ക്‌ഷോപ്പ് ജീവനക്കാരനുമായ അനൂപിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്ന കേസിലെ ഒന്നാം പ്രതിയാണ്. ഈഞ്ചയ്ക്കലിലെ ട്രാവൻകൂർ മാളിന് സമീപം ഓട്ടോ ഓടുന്ന വിപിനെ ആനയറ സ്വകാര്യ ആശുപത്രിയിലേക്കെന്നും പറഞ്ഞ് വിളിച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ ഇടവഴിയിൽവച്ച് വെട്ടുകയായിരുന്നു. വലതുകാലും വലതു കൈയും ഇടതുപാദവും വേർപെട്ട വിപിനെ പിന്നീട് അതുവഴിവന്ന ബൈക്ക് യാത്രക്കാരാണ് കണ്ടത്. ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വഴിമദ്ധ്യേമരിച്ചു. സംഭവത്തിൽ ആറുപേർ പൊലീസിനു കീഴടങ്ങിയിരുന്നു.

കടകംപള്ളി കല്ലുംമൂട് തണൽവീട്ടിൽ റിജു (28), പേട്ട ജയലക്ഷ്മി ഭവനിൽ ശിവപ്രതാപ് (37), ചാക്ക മുടുമ്പിൽ വീട്ടിൽ ജയദേവൻ (27), ചാക്ക വൈ.എം.എ റോഡിൽ മണലിൽ വീട്ടിൽ റസീം (30), ചാക്ക മുരുകൻ കോവിലിന് എതിർവശം മുടുമ്പിൽ വീട്ടിൽ അനുലാൽ (26), ചാക്ക റെയിൽവേ പാലത്തിന് സമീപം പുത്തൻവീട്ടിൽ വിനീഷ് (23) എന്നിവരാണ് തുമ്പ സി.ഐക്ക് മുന്നിൽ കീഴടങ്ങിയത്.പ്രതിക്കുവേണ്ടി അഭിഭാഷകരായ കുളത്തൂർ രാഹുൽ, വെള്ളറട രതിൻ എന്നിവർ ഹാജരായി.