കരുത്ത് കാട്ടി നാവിക സേനയുടെ 'ത്രിശൂലം'

Sunday 04 May 2025 12:00 AM IST

ന്യൂഡൽഹി: പാകിസ്ഥാന് മേൽ ഏത് നിമിഷവും യുദ്ധത്തിന് തയ്യാറെന്ന് മുന്നറിപ്പ് നൽകുന്ന സമൂഹമാദ്ധ്യമ പോസ്റ്റുമായി ഇന്ത്യൻ നാവിക സേന. സമുദ്രോപരിതലത്തിലുള്ള യുദ്ധക്കപ്പൽ, മുങ്ങിക്കപ്പൽ, ഇവയ്ക്ക് സമീപം പറക്കുന്ന ഹെലികോപ്റ്റർ എന്നിവ ഒന്നിച്ചുള്ള ചിത്രമാണ് 'നാവികക്കരുത്തിന്റെ ത്രിശൂലം അലകൾക്ക് മീതെ, താഴെ, കുറുകെ' എന്ന അടിക്കുറിപ്പോടെ നാവിക സേന ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ പങ്കുവച്ചത്.

നേവിയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്ത, അത്യാധുനിക ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ് (എ.എൽ.എച്ച്), ആധുനിക സംവിധാനങ്ങളുള്ള സ്‌കോർപിയൻ ക്ലാസ് മുങ്ങിക്കപ്പൽ എന്നിവയാണ് ചിത്രത്തിലുള്ളത്. ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ ഇത് വൈറലായി. ഇത് നാവികസേനയുടെ പക്കലുള്ള ഫയൽചിത്രമാണെന്ന റിപ്പോർട്ടുമുണ്ട്. സുരക്ഷാ ആശങ്കകളെ തുടർന്ന് പിൻവലിച്ച ധ്രുവ് ഹെലികോപ്റ്റർ കഴിഞ്ഞ ദിവസമാണ് ഉപയോഗിക്കാൻ വീണ്ടും അനുമതി ലഭിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് പൂർണ അധികാരം സൈന്യത്തിന് നൽകിയതിന് പിന്നാലെയാണ് സേനയുടെ നീക്കങ്ങൾ. അതേസമയം, ഏപ്രിൽ 22ന് നടന്ന ആക്രമണത്തിനുശേഷം പാകിസ്ഥാൻ തുടരെ വെടിനിറുത്തൽ കരാർ ലംഘിച്ചുവരികയാണ്. ഏത് സാഹചര്യത്തേയും നേരിടാൻ സജ്ജമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്ന നാവികസേന അത്യാധുനിക വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് ഉൾപ്പെടെ സമുദ്രമേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

സേനയുടെ പതിവ് നാവിക അഭ്യാസവും സംഘർഷ സാഹചര്യത്തിൽ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ദീർഘദൂര കപ്പൽവേധ മിസൈലുകൾ സേന പരീക്ഷിച്ചിരുന്നു. സേനയുടെ ആയുധസംവിധാനങ്ങളുടെ ക്ഷമതയാണ് പരീക്ഷിച്ചുറപ്പിച്ചത്. ഏതു സാഹചര്യത്തേയും നേരിടാൻ സജ്ജമാണെന്ന് നാവികസേന ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. കൂടാതെ യുദ്ധക്കപ്പലായ ഐ.എൻ.എസ് സൂറത്തിൽ നിന്ന് 70 കിലോമീറ്റർ പ്രഹരശേഷിയുള്ള മദ്ധ്യദൂര മിസൈൽ പരീക്ഷണവും സേന നടത്തിയിരുന്നു.