ജില്ലാ ക്രൈംബ്രാഞ്ചിന് ഡിവൈ.എസ്.പിയായി

Sunday 04 May 2025 12:04 AM IST

ആലപ്പുഴ: മാസങ്ങളായി ഒഴിഞ്ഞുകിടന്ന ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി തസ്തികയിൽ കഴിഞ്ഞദിവസം നിയമനം നടന്നതോടെ മാസങ്ങളായി കെട്ടികിടന്ന കേസുകൾക്ക് പരിഹാരമായേക്കും. നവകേരള സദസിനിടെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളുടെ തല തല്ലിതകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്കെതിരെയും കടപ്പുറം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്നുണ്ടായ മരണത്തിൽ ഡോക്ടർമാർക്കെതിരെയും ഉളള കേസുകളടക്കം ചെറുതും വലുതുമായ ഇരുന്നൂറോളം കേസുകളാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്.

കഴിഞ്ഞ ഒരുവർഷക്കാലമായി ജില്ലാക്രൈംബ്രാഞ്ചിലെ ഡിവൈ.എസ്.പി കസേരയിൽ ആളില്ലാതിരുന്നതിനാൽ പ്രമാദമായ കേസുകളിലുൾപ്പെടെ അന്വേഷണം അനന്തമായി നീണ്ടുപോകുന്ന സാഹചര്യമാണുണ്ടായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരിക്കെ മരണപ്പെട്ട പ്രഫുല്ലചന്ദ്രൻ രോഗാവസ്ഥകാരണം ദീ‌ർഘകാലം അവധിയിൽ പ്രവേശിച്ചതോടെയാണ് ഡിവൈ.എസ്.പി കസേരയിൽ ആളില്ലാതായത്. ആലപ്പുഴ ഡിവൈ.എസ്.പി എം.ആ‌ർ മധുബാബുവിന് അധിക ചുമതല നൽകിയിരുന്നെങ്കിലും ക്രമസമാധാന പാലനത്തിനിടെ ക്രൈംബ്രാഞ്ചിലെ കേസ് അന്വേഷണങ്ങളിൽ വേണ്ടവിധം ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമായുള്ള ഓൺലൈൻ തട്ടിപ്പുകൾ, എ.ടി.എം കവർച്ചകൾ, മറ്റ് തട്ടിപ്പുകൾ, കൊലപാതക ശ്രമങ്ങൾ, സാമ്പത്തിക അപഹരണങ്ങൾ, ദുരൂഹ മരണങ്ങൾ , ജോലി തട്ടിപ്പ് തുടങ്ങിയ കേസുകളാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ നിലവിലുള്ളത്. ഓൺലൈൻ തട്ടിപ്പ് കേസുകളിൽ പലതിലും കേരളത്തിന് പുറത്തേക്ക് അന്വേഷണം ആവശ്യമാണെന്നിരിക്കെ ഡിവൈ.എസ്.പിയില്ലാതിരുന്നതിനാൽ അന്തർ സംസ്ഥാന അന്വേഷണങ്ങൾക്ക് നേതൃത്വം നൽകാനും നടപടികൾ ഏകോപിപ്പിക്കാനും ആളില്ലാതായി. കൂടാതെ അന്വേഷണം ഒരു ഘട്ടം പിന്നിട്ട പല കേസുകളിലും കുറ്രവാളികളുടെ അറസ്റ്റും കുറ്രപത്രസമർപ്പണവും അനന്തമായി നീളുകയും ചെയ്തു. സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള ചീറ്രിംഗ് കേസുകളാണ് പ്രമാദമായ കേസുകളിൽ അധികവും ഉള്ളത്. സൈബർ സഹായത്തോടെ കൃത്യമായി അന്വേഷണം നടത്തേണ്ട ഇത്തരം കേസുകളിൽ അന്വേഷണം വൈകുന്നത് രാജ്യാന്തര ബന്ധമുള്ള കുറ്രവാളികൾ രക്ഷപ്പെട്ട് പോകുന്നതിന് ഇടയാക്കുന്നതിനൊപ്പം കേസുകൾ തെളിയിക്കാനും ബുദ്ധിമുട്ടുണ്ടാക്കും. കെ.എസ്.യു , യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ നടപടി കൃത്യ നി‌ർവഹണത്തിന്റെ ഭാഗമാണെന്നും ബലപ്രയോഗത്തിന് തെളിവില്ലാത്തതിനാൽ കേസ് എഴുതിതള്ളണമെന്നും കാട്ടി ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കോടതി തള്ളുകയും മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ തെളിവായി സ്വീകരിച്ച് അന്വേഷണം നർത്താൻ നിർദേശിക്കുകയും ചെയ്ത കേസിൽ മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇത്തരത്തിൽ കേസ് അന്വേഷണങ്ങളും നടപടികളും നിശ്ചലമായിരിക്കെയാണ് കഴിഞ്ഞദിവസം ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഇൻസ്പെക്ടറായിരുന്ന ന്യൂമാനെ സ്ഥാനക്കയറ്രം നൽകി ഡിവൈ.എസ്.പിയായി നിയമിച്ചത്.