എന്റെ കേരളം മെഗാ പ്രദർശനവിപണനമേള: ബീച്ചിൽ പടുകൂറ്റണ പന്തൽ

Sunday 04 May 2025 12:06 AM IST

ആലപ്പുഴ: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്‍റെ കേരളം' മെഗാ പ്രദർശനവിപണന മേളയ്ക്ക് ആലപ്പുഴ ബീച്ചിൽ പടുകൂറ്റൻ പവലിയൻ ഒരുങ്ങുന്നു. 72,000 ചതുരശ്ര അടിയിൽ അത്യാധുനിക ജർമൻ ഹാംഗറിലാണ് പ്രദർശനമേളയ്ക്കുള്ള പവലിയൻ ഒരുങ്ങുന്നത്. മേയ് 12 വരെയാണ് പ്രദർശനവിപണനമേള. അലുമിനിയം ഫ്രെയിമിൽ വെളുത്ത ടാർപ്പോളിൻ വിരിച്ചാണ് പവലിയൻ ഒരുക്കുന്നത്.115 എ.സി കളാണ് പന്തൽ ശീതീകരിക്കുന്നതിന് ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് ആശയക്കുഴപ്പമില്ലാതെ സ്റ്റാളുകൾ ചുറ്റി കാണാൻ പാകത്തിനാണ് ക്രമീകരണങ്ങൾ. ഭിന്നശേഷിക്കാരായ സന്ദർശകർക്ക് സുഗമമായി സഞ്ചരിക്കുന്നതിന് പ്രത്യേക റാമ്പും ലഭ്യമാക്കിയിട്ടുണ്ട്. മേളയിൽ രുചികരമായ ഭക്ഷണം ഒരുക്കാൻ 10000 ചതുരശ്ര അടിയിൽ കുടുംബശ്രീ അടക്കമുള്ള ഫുഡ് കോർട്ടുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന കലാപരിപാടികൾക്കായി 8000 ചതുരശ്ര അടിയിലുള്ള വിശാലമായ സദസ്സും 2048 ചതുരശ്രയടി വിസ്തൃതിയുള്ള സ്റ്റേജും ഒരുക്കിയിട്ടുണ്ട്. അമ്പതിനായിരം വോട്ട്‌സ് ഡോൾബി സൗണ്ട് സിസ്റ്റമാണ് കലാപരിപാടികൾക്കായി ഉപയോഗിക്കുന്നത്. കുട്ടികൾക്കായി 5000 ചതുരശ്ര അടി വിശാലമായ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 1500 ചതുരശ്ര അടി സിനിമ തിയറ്ററും പ്രദർശനമേളയിലുണ്ട്. വിവിധ സർക്കാർ വകുപ്പുകളും 150 സേവന സ്റ്റാളുകളും 50 വാണിജ്യ സ്റ്റാളുകളും പ്രദർശനത്തിലുണ്ട്.

രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. അഗ്‌നിരക്ഷാസേന, പൊലീസ്, ആംബുലൻസ്, ആരോഗ്യ പ്രവർത്തകരുടെ സേവനം, കുടിവെള്ളം, ടോയ്ലറ്റ് എന്നിവയും പ്രദർശന വേദിയിലുണ്ട്. മേള നഗരിയിൽ 45 ഇ-ടോയ്ലറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ജില്ലാ കളക്ടർ അലക്‌സ് വർഗീസ് ശനിയാഴ്ച്ച വേദിയിലെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി. എ.ഡി.എം ആശ സി എബ്രഹാം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ് സുമേഷ്, എച്ച്.എസ് പ്രീത പ്രതാപൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.