പഠനം തുടരും

Sunday 04 May 2025 12:08 AM IST

ആലപ്പുഴ: വിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതരും അദ്ധ്യാപകരും. ഇതിനായി പതിവ് ശൈലികളിൽനിന്ന് വ്യത്യസ്തമായി പുതുവഴി തേടുകയാണ്. സ്മാർട്ട് ക്ലാസ് മുറികൾ മാത്രമല്ല റോബോട്ടിക് എ.ഐ ലാബും ശീതികരിച്ച കളിസ്ഥലവുമെല്ലാം പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികളെ കാത്തിരിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായിട്ടും സ്വകാര്യ വിദ്യാലയങ്ങളിൽ മക്കളെ ചേർക്കണമെന്ന രക്ഷിതാക്കളുടെ മനോഭാവത്തിന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. സ്‌കൂളിലെ സൗകര്യങ്ങളും മികവും ചൂണ്ടികാട്ടുന്നതിനൊപ്പം വീടുകൾ സന്ദർശിച്ചും സാമൂഹിക മാദ്ധ്യമങ്ങളിൽ പരസ്യം ചെയ്തുമാണ് കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കുന്നത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഏ​റ്റവുംമികച്ച സ്‌കൂളുകളാണെന്ന് കാട്ടുന്നതിന് സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രചരണം തുടങ്ങിക്കഴിഞ്ഞു. വീഡിയോകൾ തയ്യാറാക്കിയും ബ്രോഷറുകൾ തയ്യാറാക്കിയുമുള്ള പ്രചാരണമാണ് ഏറെ. കെ.ജി ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള പുതിയ അഡ്മിഷൻകാർക്കായി പലവിധത്തിലാണ് പരസ്യം ചെയ്യുന്നത്. അദ്ധ്യാപകർ വീടുകൾതോറും കയറിയിറങ്ങി സ്‌കൂളിന്റെ മികവ് വിവരിക്കും. സർക്കാർ ഔദ്യോഗിക നിർദ്ദേശങ്ങളൊന്നുമില്ലെങ്കിലും പല സ്‌കൂളുകളിലും ഇതുസംബന്ധിച്ച് അനൗദ്യോഗിക അറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു. അൺ എയ്ഡഡ് സ്‌കൂളുകളുടെ പ്രചാരണ രീതികളാണ് മുന്നിൽ. ടെലിവിഷൻ കോമഡി താരങ്ങളെ അണിനിരത്തിയുള്ള പരസ്യങ്ങളും വീഡിയോകളും റീൽസുമെല്ലാം സാമൂഹികമാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുന്നുണ്ട്. കുട്ടികൾക്കായി സമ്മാനപ്പൊതികളും മ​റ്റുമായി ചിലയിടങ്ങളിൽ അദ്ധ്യാപകർ വീടുകൾതോറും സന്ദർശിക്കും. സ്‌പോർൺസർഷിപ്പിലും കുട്ടികളെ കണ്ടെത്തുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങൾക്കൊപ്പം എ.ഐ ലാബുകൾ, എ.സി സംവിധാനമുള്ള കളിസ്ഥലങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഇത്തരം സ്‌കൂളുകൾ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ മിക്കയിടത്തും പത്താംക്ലാസ് പാസ്സാകുന്ന കുട്ടികൾക്ക് സൗജന്യമായി അലോട്ട്‌മെന്റിന് അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിനൽകുന്നുണ്ട്. കംപ്യൂട്ടർ സെന്ററുകളിൽ പോകുന്ന ബുദ്ധിമുട്ടൊഴിവാക്കുന്നതിനും കൂടുതൽ ഓപ്ഷനുകൾ കൊടുക്കാൻ സമയം വേണ്ടി വരുമെന്ന കാരണത്താലുമാണ് സൗകര്യം ഒരുക്കുന്നത്. കൂടാതെ പ്രത്യേക ഓറിയന്റേഷൻ ക്ലാസുകളും കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കാൻ നൽകുന്നുണ്ട്. വീടുകളിലെ സന്ദർശനം അദ്ധ്യാപകരെ വലയ്ക്കുന്നുമുണ്ട്. അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും പ്രവർത്തിക്കേണ്ടിവരികയാണ്. സ്‌കൂൾ തുറക്കുംവരെയും പ്രവർത്തനങ്ങൾ തുടരും.

പലപ്പോഴും വീടുകളിലെത്തിയാൽ രക്ഷാതാക്കളുണ്ടാകില്ല. കുട്ടികൾ ബന്ധുവീടുകളും മ​റ്റും പോകും. ഇങ്ങനെയുള്ള സാഹചര്യത്തിൽ കുട്ടികളെ ക്യാൻവാസ് ചെയ്യുക പ്രയാസമാണ്. ശ്രമം തുടരുകയാണ്

സ്കൂൾ അദ്ധ്യാപിക