പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ
Sunday 04 May 2025 12:10 AM IST
കായംകുളം: കായംകുളം കൊറ്റുകുളങ്ങരയിൽ നയാര പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ കേസിൽ രണ്ടു പ്രതികൾ പിടിയിൽ.ഒന്നാം പ്രതി പത്തിയൂർ എരുവ പടിഞ്ഞാറ് കപ്പകശ്ശേരിത്തറയിൽ മുഹമ്മദ് റാഫി (23), നാലാംപ്രതി കരുവറ്റുംകുഴി വടക്കോട്ട് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കൊറ്റുകുളങ്ങര കൂട്ടേത്ത് തെക്കതിൽ ബിലാദ് (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണു സംഭവം. രണ്ടു ബൈക്കുകളിലായി അഞ്ചുപേർ പെട്രോൾ പമ്പിൽ എത്തി. ഇവർ 50 രൂപയ്ക്ക് പെട്രോൾ നിറച്ചതിനുശേഷം പണം ആവശ്യപ്പെട്ടപ്പോൾ പണംനൽകാതെ ജീവനക്കാരെ മർദിക്കുകയായിരുന്നു. സംഭവശേഷം പ്രതികൾ ഒളിവിൽപ്പോയിരുന്നു. ഒളിവിൽ പോയ മുഹമ്മദ് റാഫിയെ ഇൻസ്പെക്ടർ നിസാമുദീൻ, എസ്‌ഐ ബജിത്‌ലാൽ എന്നിവർ ചേർന്ന് പുന്നപ്രയിൽനിന്നാണ് അറസ്റ്റുചെയ്തത്.