വിജിലൻസ് പരിശോധന നടത്തി
ആലപ്പുഴ: ദേശീയ പാതാ വികസനത്തിനായി സ്ഥലമേറ്റെടുത്തതിലും പുനരധിവാസ ഫണ്ട് അനുവദിച്ചതിലും ക്രമക്കേടും അഴിമതിയും നടന്നെന്ന പരാതിയിൽ വിജിലൻസ് പരിശോധന നടത്തി. കളക്ടറേറ്റിലെ ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഓഫീസിലും, ചേർത്തല, ഹരിപ്പാട് സ്‌പെഷ്യൽ തഹസീൽദാർ ഓഫീസിലുമായിരുന്നു ഇന്നലെ രാവിലെ 10 മണി മുതൽ പരിശോധന ആരംഭിച്ചത്. വൈകിട്ട് വരെ നീണ്ട പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമി ദേശീയപാതാവികസനത്തിനായി ഏറ്റെടുക്കുമ്പോൾ ഉടമസ്ഥരുടെ പുനരധിവാസം, ക്ഷേമം എന്നിവയ്ക്ക് അധിക സഹായധനം അനുവദിക്കാറുണ്ട്. പുതിയ വീട് നിർമ്മിക്കുന്നതുവരെ വാടക നൽകുന്നതിനോ മറ്റേതെങ്കിലും വിധത്തിൽ താമസസൗകര്യം കണ്ടെത്തുന്നതിനോ ആണ് ഈ തുക നല്കിയിരുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിൽ കച്ചവടസ്ഥാപനം ഉണ്ടായിരുന്നവർക്കും അധിക സഹായധാനം നൽകിയിരുന്നു. വീടുനഷ്ടമായവർക്ക് 2.86 ലക്ഷം രൂപയും കവച്ചവടസ്ഥാപനം നഷ്ടമായവർക്ക് 75,000 രൂപയുമാണ് നൽകുന്നത്. ഈ തുക അനുവദിച്ചതിലാണ് ക്രമക്കേട്. സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ അധിഗ്രഹൺ' എന്ന പേരിൽ നടത്തിയ പരിശോധനയുടെ ഭാഗമായിരുന്നു ജില്ലയിലെയും പരിശോധന. വിജിലൻസ് ഡിവൈ.എസ്.പി കെ.വി. ബെന്നി, ഇൻസ്‌പെക്ടർമാരായ എം.സി. ജിംസ്റ്റൽ, എം.കെ. പ്രശാന്ത് കുമാർ, എ.അനീഷ്, എ.എസ്.ഐമാരായ സത്യപ്രഭ, സുരേഷ് ജയിംസ്, സി.പി.ഒ രഞ്ജിത്, റോമിയോ, മായ, ബിന്നി ജോസ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.