വിവാഹദിനത്തിൽ നവവധുവിന്റെ 30 പവൻ സ്വർണം കവർന്നു

Sunday 04 May 2025 1:39 AM IST

കണ്ണൂർ(കരിവെള്ളൂർ): കരിവെള്ളൂർ പലിയേരി കൊവ്വലിൽ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കൊല്ലം സ്വദേശിനിയായ ആർച്ച സുധിയുടെ വിവാഹഭരണങ്ങളാണ് കവർന്നത്. മേയ് ഒന്നിനാണ് പലിയേരി കൊവ്വൽ സ്വദേശിയായ എ.കെ.അർജ്ജുനും ആർച്ച സുധിയുടെയും വിവാഹിതരായത്. വിവാഹദിനത്തിലോ, തൊട്ടടുത്ത ദിവസമോ ആണ് മോഷണം നടന്നതെന്നാണ് വീട്ടുകാർ പറയുന്നത്. നഷ്ടപ്പെട്ട ആഭരണങ്ങൾക്ക് 20 ലക്ഷം രൂപയോളം വില വരും. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വിവാഹ ദിവസം ആറു മണിയോടെ മുകളിലുള്ള കിടപ്പു മുറിയിലെ അലമാരയിൽ നാല് പെട്ടികളിലായി സൂക്ഷിച്ച സ്വർണം തൊട്ടടുത്ത ദിവസം രാത്രി പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. വിവാഹ സൽക്കാര ചടങ്ങുകൾക്ക് ശേഷം വീട്ടിലെത്തിയവരിലേക്കും അടുത്ത ദിവസം എത്തിയവരിലേക്കുമുൾപ്പെടെ

അന്വേഷണം നടക്കുന്നുണ്ട്.

കവർച്ച പ്രൊഫഷണൽ രീതിയിലല്ല

കവർച്ച നടത്തിയത് പ്രൊഫഷണൽ സംഘം അല്ലെന്ന നിഗമനത്തിലാണ് പൊലീസ്. വീടുമായി അടുത്ത ബന്ധം പുലർത്തുന്ന ആരെങ്കിലുമാകാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.