ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചു, പരിശോധന വെറുതെയായി

Sunday 04 May 2025 12:52 AM IST

ന്യൂഡൽഹി: ശ്രീനഗർ താഴ്‌വരയിൽ വിനോദ സഞ്ചാരികൾക്ക് നേരെ അക്രമത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ സുരക്ഷാ സേനയ്‌ക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷയും പരിശോധനയും ശക്തമാക്കിയെങ്കിലും കാര്യമുണ്ടായില്ല.

ഡച്ചിഗാം,നിഷാത് തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാ സേന പട്രോളിംഗ് വർദ്ധിപ്പിക്കുകയും ശ്രീനഗറിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ടാഴ്‌ചയോളം തെരച്ചൽ നടത്തുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ സോനാമാർഗിലെ ഗംഗാംഗീറിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷമാണ് വിനോദ സഞ്ചാരികളെ ലക്ഷ്യമിടാൻ സാദ്ധ്യതയുണ്ടെന്ന വിവരം ലഭിച്ചത്.

ഏപ്രിൽ 19ന് കത്വയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന്റെ ഭാഗമായി ആക്രമണം സംഘടിപ്പിക്കാനായിരുന്നു ഭീകരർ പദ്ധതിയിട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രധാനമന്ത്രിയുടെ സന്ദർശനം മാറ്റിവച്ചെങ്കിലും ഭീകരർ പഹൽഗാമിൽ അക്രമണം നടത്തുകയായിരുന്നു.

പഹൽഗാമിൽ അക്രമം നടന്ന സമയത്ത് രണ്ട് പ്രാദേശിക ഭീകരർ വിനോദസഞ്ചാരികൾക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

വെടിവയ്പ്പ് ആരംഭിച്ചപ്പോൾ,ഇവർ സഞ്ചാരികളെ ഫുഡ് കോർട്ടിനടുത്തേക്ക് കൊണ്ടുപോയി അവിടേക്ക് വന്ന പാകിസ്ഥാൻ ഭീകരർക്ക് സൗകര്യമൊരുക്കി.

ഭീകരർ ഉപയോഗിച്ച എം-സീരീസ് റൈഫിളുകളും വെടിയുണ്ടകളും ഉൾപ്പെടെയുള്ള നൂതന ആയുധങ്ങൾ അഫ്ഗാനിസ്ഥാനിൽ നാറ്റോ സേന ഉപേക്ഷിച്ചതാണെന്ന വിവരവും പുറത്തുവന്നു.