പൂരം വരവറിയിച്ച് കോർപറേഷന്റെ 'മ്മ്‌ടെ പൂരം'

Sunday 04 May 2025 1:12 AM IST

തൃശൂർ: പൂരത്തിനെ വരവേൽക്കാൻ കോർപ്പറേഷൻ കൗൺസിലർമാരും ജീവനക്കാരും സംയുക്തമായി 'മ്മ്‌ടെ പൂരം' ആഘോഷിച്ചു. മേയർ എം.കെ.വർഗീസ് പെരുമ്പറ കൊട്ടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ജയരാജ് വാര്യർ പൂരം സന്ദേശം നൽകി. വിളംബര ഘോഷയാത്രയിൽ ഡെപ്യുട്ടി മേയർ എം.എൽ.റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിനിരന്നു. യന്ത്ര നിർമ്മിത ആനയും നാടൻ കലാരൂപങ്ങളും ഉണ്ടായി. ഘോഷയാത്രശക്തൻ നഗറിലെത്തി ശക്തൻ തമ്പുരാനെ വലംവച്ച് ഹാരമർപ്പിച്ച് പുഷ്പാർച്ചന നടത്തി. വിളംബര ഘോഷയാത്ര കോർപ്പറേഷനിൽ തന്നെ അവസാനിച്ചു.

കോലുകൊണ്ട് മാലയിട്ട് മേയർ

പൂരം ഘോഷയാത്രയോടനുബന്ധിച്ച് ശക്തൻ രാജാവിനെ മാലയിടാനുള്ള ശ്രമം ആദ്യം നടന്നില്ല. മാലയിടാനുള്ള തട്ടിന്റെ പൊക്കം കുറഞ്ഞതിനാൽ പലതവണ മാല എറിഞ്ഞിട്ടു നോക്കിയെങ്കിലും ശക്തന്റെ കഴുത്തിൽ വീണില്ല. ഒടുവിൽ ഒരു കോലെടുത്ത് മാലയിൽ കൊളുത്തിയാണ് ശക്തന്റെ കഴുത്തിലിട്ടത്.