ബാലിസ്‌റ്റിക് മിസൈൽ പരീക്ഷിച്ചെന്ന് പാകിസ്ഥാൻ

Sunday 04 May 2025 7:06 AM IST

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ സൈനിക നടപടി ഏതുനിമിഷവും ഉണ്ടാകുമെന്ന ഭീതിയിൽ തുടരുന്ന പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന അവകാശവുമായി രംഗത്ത്. 450 കിലോമീറ്റർ പ്രഹര പരിധിയുള്ള ' അബ്‌ദാലി വെപ്പൺ സിസ്റ്റം " എന്ന മിസൈലാണ് പരീക്ഷിച്ചതെന്ന് സൈന്യം പറയുന്നു. പാകിസ്ഥാനിലെ ലക്ഷ്യ സ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ ഇന്ത്യൻ നേവി അറബിക്കടലിൽ പരീക്ഷിച്ചിരുന്നു.

ഇതിനിടെ, ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ടു പോയാൽ തിരിച്ചടിക്കുമെന്നും വെള്ളം തടയാനായി ഡാം അടക്കം എന്ത് സംവിധാനം നിർമ്മിച്ചാലും പാക് സൈന്യം തകർക്കുമെന്നും ആസിഫ് പറഞ്ഞു.

അതേ സമയം, പാക് വാർത്താ വിനിമയ മന്ത്രി അത്താവുള്ള തരാറിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റേത് അടക്കം നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ നിരോധിച്ചിരുന്നു.

 വിവാദ പരാമർശവുമായി

ബംഗ്ലാദേശ് മുൻ ജനറൽ

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ അടുത്ത അനുയായി നടത്തിയ പ്രസ്താവന വിവാദത്തിൽ. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ, ബംഗ്ലാദേശ് ചൈനയ്ക്കൊപ്പം ചേർന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പിടിക്കണമെന്നാണ് മുൻ മേജർ ജനറൽ എ.എൽ.എം ഫസ്‌ലൂർ റഹ്മാൻ പറഞ്ഞത്. 2009ൽ ബംഗ്ലാദേശ് റൈഫിൾസിന്റെ പിൽഖാന ആസ്ഥാനത്തുണ്ടായ കലാപവും കൂട്ടക്കൊലയും പുനരന്വേഷിക്കുന്നതിനായി സർക്കാർ നിയമിച്ച ഏഴ് അംഗ കമ്മീഷന്റെ തലവനാണ് ഇയാൾ. ഇയാളുടെ പ്രതികരണത്തോട് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയവും യൂനുസും അകലം പാലിക്കുകയാണ്. പ്രതികരണം വ്യക്തപരമെന്നാണ് യൂനുസിന്റെ പ്രസ് സെക്രട്ടറിയുടെ നിലപാട്.

 പഹൽഗാം ആക്രമണം: പിന്നിൽ പാക്

സൈനിക മേധാവി ? ചൈനയ്ക്കും പങ്ക് ?

പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാക് സൈനിക മേധാവി അസീം മുനീറാണെന്ന് ആരോപണം. യു.കെയിൽ കഴിയുന്ന മുൻ പാക് സൈനിക ഉദ്യോഗസ്ഥനായ മേജർ ആദിൽ രാജ ഒരു ഇന്ത്യൻ മാദ്ധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അസീമിന്റെ പദ്ധതിയെ ഐ.എസ്‌.ഐ എതിർത്തിരുന്നു. എന്നാൽ,തന്റെ അധികാരം ഉറപ്പിക്കാൻ അയാൾ നേരിട്ടുള്ള ഉത്തരവ് പ്രകാരം ആക്രമണം നടപ്പാക്കിയെന്നും ആദിൽ പറയുന്നു. ചൈനയുടെ അറിവോടെയായിരുന്നു എല്ലാമെന്നും പാക് സൈന്യത്തിലെ വിശ്വസ്തരിൽ നിന്നാണ് ഇക്കാര്യം താൻ മനസിലാക്കിയതെന്നും ആദിൽ കൂട്ടിച്ചേർത്തു.

 ജയശങ്കർ-ലവ്റൊവ് ചർച്ച

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി പഹൽഗാം ഭീകരാക്രമണ വിഷയം ചർച്ച ചെയ്ത് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പ്രശ്നം നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് ലവ്റൊവ് പറഞ്ഞു.