ഓസ്ട്രേലിയൻ തിരഞ്ഞെടുപ്പ്: ആൽബനീസിന് ഭരണത്തുടർച്ച
കാൻബെറ : ഓസ്ട്രേലിയയിൽ ആന്റണി ആൽബനീസ് (62) പ്രധാനമന്ത്രിയായി തുടരും. ഇന്നലെയായിരുന്നു രാജ്യത്ത് ഫെഡറൽ തിരഞ്ഞെടുപ്പ്. 62 ശതമാനം വോട്ടെണ്ണിയപ്പോഴേക്കും ആൽബനീസിന്റെ മദ്ധ്യ - ഇടതുപക്ഷ ലേബർ പാർട്ടി 86 സീറ്റുകൾ നേടി ഭരണത്തുടർച്ച സ്വന്തമാക്കി. ജനപ്രതിനിധി സഭയിലെ 150 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 76 സീറ്റാണ് സർക്കാർ രൂപീകരണത്തിന് വേണ്ട ഭൂരിപക്ഷം. ആൽബനീസിന്റെ മുഖ്യ എതിരാളികളായ ലിബറൽ-നാഷണൽ സഖ്യം 41 സീറ്റിൽ ചുരുങ്ങി.
ഇതോടെ 21 വർഷത്തിനിടെ തുടർച്ചയായി രണ്ടാം തവണയും വിജയിച്ച ആദ്യ പ്രധാനമന്ത്രിയെന്ന നേട്ടവും ആൽബനീസിന് സ്വന്തമായി. മൂന്ന് വർഷമാണ് പ്രധാനമന്ത്രിയുടെ കാലാവധി.
ലിബറൽ പാർട്ടിയുടെ നീണ്ട ഒമ്പത് വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് 2022ലാണ് ആൽബനീസ് സർക്കാർ അധികാരത്തിലെത്തിയത്. ആൽബനീസ് 2013 ജൂൺ മുതൽ 2013 സെപ്തംബർ വരെ രാജ്യത്തെ ഉപപ്രധാനമന്ത്രിയായിരുന്നു. കെവിൻ റൂഡ്, ജൂലിയ ഗില്ലാർഡ് മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2019 മുതൽ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.
തോൽവി സമ്മതിച്ച് പ്രതിപക്ഷം
പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണിന്റെ നേതൃത്വത്തിലെ ലിബറൽ-നാഷണൽ സഖ്യം പരാജയം അംഗീകരിച്ചു. ക്വീൻസ്‌ലൻഡിലെ ഡിക്ക്‌സണിൽ നിന്ന് മത്സരിച്ച ഡട്ടൺ തോറ്റു. 2001 മുതൽ ഡിക്ക്‌സണിൽ നിന്നുള്ള എം.പിയായിരുന്നു ഡട്ടൺ. അതേസമയം,1996 മുതൽ നിലനിറുത്തുന്ന ഗ്രെയ്‌ൻഡ്‌ലർ സീറ്റിൽ ആൽബനീസ് ജയിച്ചു.
ഇന്ത്യയുടെ സുഹൃത്ത്
ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന നേതാവാണ് ആൽബനീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം പുലർത്തുന്നു. 2023 മേയിൽ മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഓസ്ട്രേലിയയിലെ സിഡ്നിയിലെ ഹാരിസ് പാർക്കിലെ ഒരു ഭാഗത്തിന്റെ പേര് ലിറ്റിൽ ഇന്ത്യ എന്ന് മാറ്റിയിരുന്നു. ഇന്ത്യൻ ബിസിനസുകാരുടെയും ഇന്ത്യൻ വിഭവങ്ങളുടെയും കേന്ദ്രമാണ് ഇവിടം. 2023 മാർച്ചിൽ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ആൽബനീസ് മോദിക്കൊപ്പം അഹമ്മദാബാദിൽ ക്രിക്കറ്റ് മത്സരം വീക്ഷിച്ചിരുന്നു.
ആശംസ നേർന്ന് മോദി
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനും പ്രധാനമന്ത്റിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനും ആൽബനീസിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവിധി ആൽബനീസിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയൻ ജനതയ്ക്കുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നെന്നും മോദി എക്സിൽ കുറിച്ചു. ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും ഇന്തോ-പസഫിക്കിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി ആഹ്വാനം ചെയ്തു.