വേളാങ്കണ്ണിയിലേക്ക് പോയ വാനും ബസും കൂട്ടിയിടിച്ച് അപകടം, നാല് തിരുവനന്തപുരം സ്വദേശികൾക്ക് ദാരുണാന്ത്യം

Sunday 04 May 2025 10:07 AM IST

ചെന്നൈ: തിരുവാരൂരിൽ ഒമ്‌നി വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം.യാത്ര ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ അടുത്തുളള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയാണ് ഇവർ തീർത്ഥാടനത്തിനായി പോയത്.

വേളാങ്കണ്ണിയിലേക്ക് തീർത്ഥാടന യാത്ര പോയ സംഘത്തിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേരായിരുന്നു വാനിലുണ്ടായിരുന്നത്. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിയിൽ വച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വീരയൂർ പൊലീസ് അറിയിച്ചു.