മഴക്കാലപൂർവ ശുചീകരണം എങ്ങുമെത്തിയില്ല.... വൈകുന്ന പ്രതിരോധം, പെരുകുന്ന ആശങ്ക
കോട്ടയം : വേനൽ മഴ ശക്തമായി. ഓടയും തോടും പൊതുവിടങ്ങളും മാലിന്യകേന്ദ്രമാണ്. മലിജനം കുടിവെള്ള സ്രോതസുകളിലേയ്ക്ക് ഒഴുകിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നിട്ടും മഴക്കാല പൂർവ ശുചീകരണം തുടങ്ങിയിട്ട് പോലുമില്ല. മുൻവർഷങ്ങളിലേത് പോലെ ഓട വൃത്തിയാക്കി മാലിന്യം കരയിൽ കോരിയിട്ടാൽ വീണ്ടും ഒലിച്ചിറങ്ങും.
ജില്ലയിൽ പകർച്ചവ്യാധികൾ പെരുകുമ്പോഴാണ് അധികൃതരുടെ അനാസ്ഥ. വൈറൽപ്പനിയ്ക്ക് പുറമെ ഡെങ്കിപ്പനി , മഞ്ഞിപ്പിത്ത കേസുകളും റിപ്പോർട്ട് ചെയ്തു. കൊതുകുകളുടെ പ്രജനനവും കൂടി. മണ്ണും മാലിന്യങ്ങളും അടിഞ്ഞു ജലാശയങ്ങൾ നികന്നു. മഴ പെയ്താൽ തോടുകൾ കരകവിഞ്ഞ് വെള്ളം പരിസരത്തെ വീടുകളിലേക്ക് കയറും. കഴിഞ്ഞദിവസങ്ങളിലെ മഴയിലടക്കം ഇത് കാണാനായി. മുൻവർഷങ്ങളിൽ ഡ്രൈഡേകൾ നിശ്ചയിച്ച് ഈ സമയം പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി തദ്ദേശസ്ഥാപനങ്ങളിലൊന്നും നടക്കുന്നില്ല.
ചെയ്യാൻ ഏറെയുണ്ട്
മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം, പൊതുഇടങ്ങൾ മാലിന്യമുക്തമാക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കുക, ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കുക തുടങ്ങി ചെയ്യാൻ ഒരുപാടുണ്ട്. ഇതിനായി ജനപ്രതിനിധികളുടെയും മറ്റും യോഗം വിളിക്കണം. കുടുംബശ്രീ ഭാരവാഹികൾ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, എൻ.ജി.ഒകൾ, എൻ.എസ്.എസ്, എൻ.സി.സി, ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ്.പി.സി, യുവജനസംഘടനകൾ, യൂത്ത് ക്ലബുകൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സാംസ്‌കാരിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കണം.
പൊതുജനരോഗ്യ പ്രശ്നമുള്ള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കണം
മാലിന്യ സംസ്‌കരണരീതി പിന്തുടരാത്തവർക്കെതിരെ നിയമനടപടി
വാർഡിന് 30,000 രൂപ
പഞ്ചായത്തിനും നഗരസഭകൾക്കും മഴക്കാലപൂർവ ശുചീകരണത്തിന് മുൻവർഷങ്ങളിൽ വാർഡിന് 30,000 രൂപ വീതം ചെലവഴിക്കാൻ അനുവാദം നൽകിയിരുന്നു. ഇതിൽ 10,000 രൂപ വീതം ശുചിത്വമിഷൻ, ദേശീയ ആരോഗ്യദൗത്യം, തനത് ഫണ്ട് എന്നിവയിലൂടെയാണ് ലഭിക്കുക.