'വെറുമൊരു മോഷ്ടാ'വിനെ നിങ്ങൾ 'കമ്പി മോഷ്ടാ'വെന്ന് വിളിക്കരുത് !
കുമരകം കോണത്താറ്റ് പാലം നിർമ്മാണം വൈകുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾ മത്സരിച്ച് പ്രതിഷേധ സമരം നടത്തുന്നതിനിടയിൽ പാലം പണിയ്ക്ക് കൊണ്ടിട്ട 650 കിലോയിലധികം കമ്പി മോഷ്ടിച്ചത് കോൺഗ്രസുകാരനാണെന്ന 'ആന്റി ക്ലൈമാക്സ് 'കണ്ട് കണ്ണും തള്ളിനിൽക്കുകയാണ് ചുറ്റവട്ടത്തുള്ളവർ. കൊച്ചു വെളുപ്പാൻ കാലത്തേ ഉണർന്ന് മോഷ്ടിച്ച കമ്പികൾ ആക്രിവിലയ്‌ക്ക് വിറ്റ് സ്‌മാൾ അടിക്കാനുള്ള ചെലവ് കാശ് കണ്ടെത്തുകയായിരുന്നു. മഴ കാരണം പടുത കൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു കമ്പികൾ. മൊത്തം 1881 കിലോ കമ്പികളുണ്ടായിരുന്നുവെന്നാണ് സംസാരം. ആരു പറയുന്നതാണ് യഥാർത്ഥ കണക്കെന്ന് ശരിയെന്നറിയില്ലെങ്കിലും കമ്പി മോഷണം പോയെന്നത് സത്യം. പ്രതിയുടെ വീട്ടിൽ നിന്നും ഏതാനും കമ്പികൾ കണ്ടെടുത്തതും, പൊലീസ് പിടിയിലായ ആൾ കോൺഗ്രസ് പ്രവർത്തകനെന്നതും സത്യം.
പല കാരണങ്ങളാൽ പാലം പണി നീണ്ടു പോയതോടെ പ്രതിരോധത്തിലായ ഭരണകക്ഷിയ്ക്ക് ഇതോടെ ആഹ്ലാദിക്കാനുള്ള വകയായി. പാലത്തിനായി സമരം ചെയ്യുകയും പാലം പണി മുടക്കാൻ കമ്പി മോഷ്ടിച്ച ഇരട്ടത്താപ്പ് വികസനം മുടക്കാൻ കോൺഗ്രസ് സ്വകരിക്കുന്ന ഹീനമാർഗമെന്നായിരുന്നു സി.പി.എം ആരോപണം. 'പണിതീരാത്ത പാല' ത്തിൽ നിന്ന് മുഖം രക്ഷിക്കാൻ സി.പി.എം കണ്ടു പിടിച്ച നാടകമാണ് കമ്പിമോഷണമെന്നും, കട്ടവന് പകരം കിട്ടിയവനെ പ്രതിയാക്കുന്ന രാഷ്ട്രീയ കളിയെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ
വിഷയം കത്തിച്ച് നിറുത്താനുള്ള കോൺഗ്രസ് നീക്കത്തിനിത് ഇത് വല്ലാത്ത പ്രഹരമായെന്നാണ് പറച്ചിൽ. ധന, സമയ നഷ്ടവും ഗതാഗതക്കുരുക്കും കാരണം പാലം പണി ഒന്നുതീർന്ന് കിട്ടിയാൽ മതിയെന്ന പ്രാർത്ഥനയിലാണ് കുമരകംകാർ. കോണത്താറ്റ് പാലത്തിനപ്പുറം എവിടെയെങ്കിലും പോകാൻ ബസിൽ കയറുന്നവർ പാലത്തിന് മുൻപിറങ്ങി പണി തീരാത്ത പാലത്തിലൂടെ നടന്നു അക്കരെയെത്തി അടുത്ത ബസിൽ കയറണം. ഇരട്ടി ചാർജും കൊടുക്കണം. വാഹനങ്ങൾ തിരിച്ചു വിടുന്നതു കാരണം കുരുക്കൊഴിഞ്ഞ നേരവുമില്ലെന്നായി. ഇനി പാലം നിർമ്മാണം പൂർത്തിയായാലും കുമരകത്തെ കുരുക്കഴിക്കാൻ പ്രായോഗികമായി രണ്ടു വഴികളേ ഉള്ളൂ. ഒന്ന് മുഖം നോക്കാതെയുള്ള റോഡ് വീതി കൂട്ടൽ. രണ്ടാമത് പുതിയ ബൈപാസ്. ഇവ യാഥാർത്യമാക്കാൻ രാഷ്ട്രീയത്തിനതീതമായി കുമരകത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങണമെന്നാണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്.