മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുൻപിലേക്ക്

Monday 05 May 2025 4:34 AM IST

മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലേക്ക് മമ്മൂട്ടി വീണ്ടും. കൊച്ചിയിലെ ലൊക്കേഷനിൽ ഈ മാസം മമ്മൂട്ടി ജോയിൻ ചെയ്യുമെന്നാണ് വിവരം. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. മമ്മൂട്ടി എത്തുന്നതിനു മുൻപ് അടുത്ത ആഴ്ച മോഹൻലാൽ, നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരും ജോയിൻ ചെയ്യും. ഈ താരങ്ങളുമായി മമ്മൂട്ടിക്ക് കോമ്പിനേഷൻ സീനുകളുണ്ട്. കൊച്ചിക്ക് പുറമേ ശ്രീലങ്ക, ഹൈദരാബാദ്, ലണ്ടൻ, നാഗർകോവിൽ എന്നിവിടങ്ങളിലും ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ഇതിനുശേഷം വീണ്ടും കൊച്ചിയിൽ ഒരു ഷെഡ്യൂൾ കൂടിയുണ്ട്.

മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തെ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. വൻ താരനിരയിൽ ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലൂടെ ഇതാദ്യമായി മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങിയവരോടൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രാഫർ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന് സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ- പ്രൊഡ്യൂസർമാരാണ്. മേക്കപ്പ് രഞ്ജിത്ത് അമ്പാടി. അതേസമയം മഹേഷ് നാരായണൻ ചിത്രത്തിനുശേഷം നിതീഷ് സഹദേവിന്റെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. നിതീഷ് സഹദേവും നടൻ അനുരാജ് ഒ.ബിയും ചേർന്നാണ് രചന. കളങ്കാവൽ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. നവാഗതനായ നിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനുമാണ്. രജിഷ വിജയൻ, ഗായത്രി അരുൺ തുടങ്ങി 21 നായികമാരുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്നു.