വെള്ളിലക്കാടിന്റെ അക്ഷരപുത്രി

Monday 05 May 2025 3:12 AM IST

ഒരുകാലത്ത് കുഗ്രാമമായിരുന്നു,​ മലപ്പുറം തിരൂരങ്ങാടിയിലെ വെള്ളിലക്കാട്. വാഹനസൗകര്യം പോലും പരിമിതം. നിഷ്കളങ്കരായ ഇവിടത്തെ ഒരുകൂട്ടം ജനങ്ങളെ അക്ഷരവെളിച്ചത്തിലേക്ക് കെെപിടിച്ചുയർത്തിയത് കെ.വി. റാബിയയാണ്. പദ്മശ്രീയും ചൂടി വെള്ളിലക്കാടിനെ ദേശീയശ്രദ്ധയിലെത്തിച്ച അക്ഷരശ്രീ; കരിവേപ്പിൽ റാബിയ.

പോളിയോ ബാധിച്ച് ശോഷിച്ച കാലുകളിൽ നോക്കി റാബിയ നെടുവീർപ്പിട്ടില്ല. പകരം,​ വീൽചെയറിൽ വീടുവീടാന്തരം സഞ്ചരിച്ച് ഗ്രാമീണരുടെ ഉൾക്കണ്ണിൽ വെളിച്ചം പകർന്നവൾ. ശരീരം തളർന്നപ്പോഴും തളരാത്ത മനസുകൊണ്ട് ശക്തി തെളിയിച്ചവൾ.

ചെറുപ്പത്തിൽത്തന്നെ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന റാബിയയുടെ ഇഷ്ടവാക്ക് 'ചലനം" എന്നായിരുന്നു. ആ ചലനത്തിന്റെ വേഗം കുറയ്ക്കാൻ ഇടയ്ക്കു കയറിവന്ന അർബുദത്തിനുമായില്ല. സാക്ഷരതാ പ്രവർത്തനത്തിനൊപ്പം നിർദ്ധനരുടെ ഉന്നമനവും ലക്ഷ്യമിട്ട് 'ചലനം" സൊസെെറ്റിയുണ്ടാക്കി. 'ചലനം" സ്കൂൾ തുടങ്ങി. സഹനവും സഹിഷ്ണുതയും ഇഴചേർന്ന പ്രവർത്തനശെെലി. സ്നേഹമാണ് റാബിയയുടെ ഭാഷ. മതത്തിന് റാബിയ കൊടുത്ത മറുപേരും മറ്റൊന്നല്ല.

ശാരീരിക ബുദ്ധിമുട്ടുകളിൽ തളർന്നിരുന്നെങ്കിൽ കറിവേപ്പില പോലെയാകുമായിരുന്ന ജീവിതത്തെ സേവനത്തിന്റെ പട്ടുനൂലിൽ കൊരുത്ത് റാബിയ പദ്മശ്രീയിലേക്ക് പറത്തിവിട്ടു. നടക്കാൻ വയ്യാതായാൽ കി‌ടക്കാൻ പ്രേരിപ്പിക്കുന്ന മനസിന് അടിയറവു പറയാതെ, സഹാതാപത്തിന് കാത്തുനിൽക്കാതെ പ്രകൃതിയുടെ ചലനത്തെ ആത്മാവിൽ ആവാഹിച്ചു. പരീക്ഷകളിലും പരീക്ഷണങ്ങളിലും ജയിച്ചു. ആറ് പെൺമക്കളുള്ള കുടുംബത്തിൽ ജന്മനാ ശാരീരിക വെല്ലുവിളിയുമായി പിറന്നിട്ടും പൊരുതി ജയിച്ച പെൺകരുത്തായി.

1966 ഫെബ്രുവരി 25ന് മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും രണ്ടാമത്തെ മകളായി ജനനം. മുടന്തിയും വേദന തിന്നും കൂട്ടുകാരുടെ കെെപിടിച്ചും സ്കൂളിലെത്തി. ഒൻപതാം ക്ളാസിലെത്തിയപ്പോഴാണ് ചെറു ചലനങ്ങൾക്കു പോലും തടയിട്ട് പോളിയോ പിടിപെട്ടത്. അരയ്ക്കു മുകളിൽ തടിച്ച ശരീരത്തിന്റെ ഭാരം താങ്ങാൻ ശോഷിച്ച കാലുകൾക്കായില്ല. കിടന്നുപോകുമായിരുന്നെങ്കിലും പിടിച്ചെഴുന്നേറ്റു. അത് റാബിയയുടേതു മാത്രമല്ല, വെള്ളിലക്കാടിന്റെയും ഉയിർപ്പായിരുന്നു.

പിതാവിന്റെ അനുജൻ അബ്ദുറഹ്മാൻ കുട്ടി റാബിയയെക്കാൾ രണ്ടുവയസ് ഇളയതാണ്. റാബിയ പത്തിൽ പഠിക്കുമ്പോൾ അബ്ദുറഹ്മാൻ എട്ടിൽ. സെെക്കിളോടിക്കലാണ് കമ്പം. പഠിപ്പു മുടക്കാതിരിക്കാൻ റാബിയ വഴി കണ്ടെത്തി. അബ്ദുറഹ്മാൻ കുട്ടിക്ക് സെെക്കിൾ വാങ്ങിക്കൊടുത്തു. റാബിയയെ രാവിലെ സ്കൂളിലെത്തിക്കണം. വെെകിട്ട് തിരികെ വീട്ടിലും. വ്യവസ്ഥ അബ്ദുറഹ്മാൻ കുട്ടിക്ക് തൃപ്തികരമായി. സെെക്കിളിൽ ഇഷ്ടംപോലെ ചെത്താമല്ലോ! അങ്ങനെ സ്കൂൾപഠനം പൂർത്തിയാക്കി. പ്രീഡിഗ്രിക്ക് ഓട്ടോയിലായിരുന്നു യാത്ര.

ലഹരിയായി

വായന

ശക്തിയിലേക്ക് കുതികൊണ്ട ഹെലൻ കെല്ലർ, സ്റ്റീഫൻ ഹോക്കിംഗ്സ്, ത്വാഹ ഹുസെെൻ, ജോൺ മിൽട്ടൺ, ബിഥോവൻ തുടങ്ങിയവരുടെ ജീവിതകഥകൾ പ്രചോദനമായി. വായന ലഹരിയായി. സേവനം ചെയ്യണമെന്ന ചോദനയുണ്ടായി. ഇരുന്നു ചെയ്യാവുന്ന ജോലി തിരഞ്ഞെടുത്തു. അങ്ങനെ സാക്ഷരതാ പ്രവർത്തനം തുടങ്ങി. നിരക്ഷരരായ മുതിർന്നവരെ വിളിച്ചിരുത്തി അക്ഷരമാല പഠിപ്പിച്ചു. പഠിതാക്കളുടെ എണ്ണം കൂടി. റാബിയയുടെ വീട്ടിലിരുന്ന് എട്ടു വയസുകാർക്കൊപ്പം എൺപതിലെത്തിയവരും അക്ഷരം പഠിച്ചു.

കേട്ടറിഞ്ഞ് വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് റാബിയ പറഞ്ഞു: 'വെള്ളിലക്കാട്ടിൽ വെള്ളവും വെളിച്ചവും ഫോണും റോഡുമില്ല സാർ..." അക്ഷരപുത്രിയുടെ അഭ്യർത്ഥന മാനിച്ച് കളക്ടർ ഉൾപ്പെടെ ഇടപെട്ടു. വെള്ളിലക്കാടിന് ഒന്നര കിലോമീറ്റർ 'അക്ഷര റോഡ്" ഉണ്ടായി. കുഗ്രാമത്തിൽ വെെദ്യുതിവെളിച്ചം പരന്നു. സ്ത്രീകളാണ് വികസനത്തിന്റെ അടിസ്ഥാനമെന്ന തിരിച്ചറിവ് റാബിയയ്ക്കുണ്ടായിരുന്നു. ഈ കാഴ്ചപ്പാടോടെ നവസാക്ഷര മഹിളാ സമാജമുണ്ടാക്കി. ഗ്രാമീണ വനിതകളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജീവിതം, സാമ്പത്തിക സ്ഥിതി എന്നിവ മെച്ചപ്പെടുത്തലായിരുന്നു ലക്ഷ്യം.

അടുത്ത ഗ്രാമത്തിൽ നിന്ന് സ്ത്രീകളെത്തി. അക്ഷരസംഘങ്ങൾ തുടങ്ങി. റാബിയയുടെ വീട് ജനവിദ്യാ കേന്ദ്രമായി.

സാക്ഷരതയെന്നാൽ അക്ഷരം പഠിക്കൽ മാത്രമല്ലെന്നും സമൂഹത്തിന്റെ സമഗ്രപുരോഗതിയിലേക്കുള്ള സാക്ഷ തുറക്കലാണെന്നും റാബിയ കാണിച്ചുകൊടുത്തു. വനിതകൾക്കായുള്ള സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തി. കുടുംബശ്രീ പ്രസ്ഥാനം തുടങ്ങും മുമ്പുതന്നെ അയൽക്കൂട്ടങ്ങൾ വഴി കുടിൽവ്യവസായങ്ങൾ തുടങ്ങി. അടുക്കളത്തോട്ടം, തേനീച്ച വളർത്തൽ, സ്ക്രീൻ പ്രിന്റിംഗ്, എംബ്രോയ്ഡറി, വസ്ത്ര- മൺപാത്ര നിർമ്മാണം, മീൻവളർത്തൽ തുടങ്ങിയവയിൽ പരിശീലനം നൽകി. എല്ലാ സംഘങ്ങളിലും വായനയും പുസ്തക ചർച്ചയും നിർബന്ധം. വെള്ളിലക്കാട്ടിൽ ഒരു നിശ്ശബ്ദവിപ്ളവം അരങ്ങേറുകയായിരുന്നു.

അർബുദത്തെ

അതിജീവിച്ച്

തളരാതെ മുന്നേറുമ്പോഴും പ്രതിസന്ധികൾ റാബിയയെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. 1999-ൽ അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടു. തൃശൂർ അമല ആശുപത്രിയിൽ ശസ്ത്രക്രിയ,​ ഒന്നിടവിട്ടുള്ള മാസങ്ങളിൽ കീമോതെറാപ്പി... ആറുമാസംകൊണ്ട് റാബിയ അർബുദത്തെ ജയിച്ചു. ഒരു കെെകൊണ്ട് തലോടുമ്പോൾ മറുകെെ കൊണ്ട് പ്രഹരിക്കാൻ അപ്പോഴും വിധിയെത്തി. ബാത്ത്റൂമിൽ കാൽതെന്നി വീണ് നട്ടെല്ലൊടിഞ്ഞു. കശേരുക്കൾ തകർന്നു. വീഴ്ച സുഷുമ്നയെ ബാധിച്ചു. ഒരേ കിടപ്പ് ദഹനപ്രശ്നങ്ങളുണ്ടാക്കി. ശ്വാസകോശം, കുടൽ, കരൾ തുടങ്ങിയ ആന്തരാവയവങ്ങൾ പിണങ്ങി. അപ്പോഴെല്ലാം സഹോദരിമാരും സുഹൃത്തുക്കളുമായിരുന്നു മാലാഖമാരെപ്പോലെ അരികിൽ.

ഇരുളിൽ നിന്ന് ഒരു ചന്ദ്രക്കല ഉയർന്നുവരുമെന്ന് വിശ്വസിച്ച റാബിയയെത്തേടി പുരസ്കാരങ്ങളും അംഗീകാരങ്ങളും എത്തിക്കൊണ്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ പുരസ്കാരം,​ നാഷണൽ യൂത്ത് അവാർഡ്, സാക്ഷരതാ മിഷൻ പുരസ്കാരം, കണ്ണകി സ്ത്രീശക്തി, ബജാജ് അവാർഡുകൾ, യു.എൻ ഇന്റർനാഷണൽ അവാർഡ്... ഒടുവിൽ രാഷ്ട്രത്തിന്റെ ആദരമായി പദ്മശ്രീയും. കോഴിക്കോട് ലിപി ബുക്സ് പുറത്തിറക്കിയ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന റാബിയയുടെ ആത്മകഥ പാഠ്യപദ്ധതിയിലുമുണ്ട്. ഇരുൾ നീക്കി പുറത്തുവന്നത് ചന്ദ്രക്കലയല്ല, പൗർണമി തന്നെയായിരുന്നു.