മുഴപ്പിലങ്ങാട് ബീച്ച് പദ്ധതി സംസ്ഥാനത്തിന്റെ ടൂറിസം  വികസനത്തിലെ നാഴികക്കല്ല്: മുഖ്യമന്ത്രി 

Monday 05 May 2025 12:16 AM IST
മുഴപ്പിലങ്ങാട് - ധർമ്മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ച് ടൂറിസം പദ്ധതി സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുപ്പിലങ്ങാട് - ധർമ്മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടപൂർത്തീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഏഷ്യയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ബീച്ചാണിത്. ഡ്രൈവ് ഇൻ ബീച്ച് എന്ന നിലയ്ക്ക് നമ്മുടെ രാജ്യത്തെ ഏറ്റവും ദൈർഘ്യമുള്ള ബീച്ചാണിത്. ടൂറിസ്റ്റുകൾക്ക് ബീച്ചിലൂടെ ഡ്രൈവ് ചെയ്യുക എന്നത് വലിയൊരു ഹരമായി മാറുന്നു. ആ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര സഞ്ചാരികളെയും വിദേശ സഞ്ചാരികളെയും കൂടുതലായി ആകർഷിക്കാൻ ഈ ബീച്ചിന് കഴിയും. ഇതോടൊപ്പം ധർമ്മടം ബീച്ചും ധർമ്മടം ദ്വീപും ഉണ്ട്. ഇതിന്റെ എല്ലാം വികസനം ശരിയായ രീതിയിൽ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 233 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 62 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ടൂറിസം മേഖലയിലെ വികസനത്തിനായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പാരിസ്ഥിതിക ഘടകങ്ങളെ കൂടി സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകും. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് ടൂറിസം മേഖല നൽകുന്നത്. വടക്കൻ കേരളത്തിൽ വിശേഷിച്ച് മലബാറിൽ നിരവധി ടൂറിസം കേന്ദ്രങ്ങളുണ്ട്. അവയെല്ലാം സഞ്ചാരികളുടെ ശ്രദ്ധയിലേക്കും ലോക ശ്രദ്ധയിലേക്കും എത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.

കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് വരികയുമാണ്. കാരവാൻ ടൂറിസം, ടെലി ടൂറിസം, ക്രൂയിസ് ടൂറിസം, സീ പ്ലെയിൻ, ബയോഡൈവേഴ്സിറ്റി ആൻഡ് ലിറ്റററി സർക്യൂട്ട്, അഡ്വഞ്ചർ ടൂറിസം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. ശിവദാസൻ എം.പി മുഖ്യാതിഥിയായി.

മുഴപ്പിലങ്ങാട് ബീച്ചിൽ

വാക്ക് വേ, റിഫ്രഷ്‌മെന്റ് സെന്ററുകൾ, വാഹന പാർക്കിംഗ് സൗകര്യം, സിറ്റിംഗ് ഏരിയ, ടോയ്ലറ്റ്, കിയോസ്‌ക് പാർക്കിംഗ്, ഫ്ളോട്ടിംഗ് ഡക്ക്, മ്യൂസിക് ഫൗണ്ടെയിൻ, ജോഗിംഗ് ആൻഡ് സൈക്ലിംഗ് ട്രാക്ക്.

നേച്ചർ ഹബ്ബ് ഒരുക്കും

ദേശാടനപ്പക്ഷികൾ വന്നു ചേരുന്ന ധർമ്മടം ഐലൻഡിൽ ഒരു നേച്ചർ ഹബ്ബ് ഒരുക്കും. അണ്ടർ വാട്ടർ സ്‌കൾപ്ചർ ഗാർഡൻ, എലവേറ്റട് നേച്ചർ വാക്ക്, ഇവയെല്ലാം ഇതിന്റെ ഭാഗമായി നിർമ്മിക്കും. ധർമ്മടം ദ്വീപിലേക്കുള്ള പ്രവേശന സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്.