പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ: ഇമ്രാന്റെയും ബിലാവലിന്റെയും എക്‌സ് അക്കൗണ്ട് വിലക്കി

Monday 05 May 2025 12:00 AM IST
ഇമ്രാൻ ഖാൻ, ബിലാവൽ ഭൂട്ടോ

ന്യൂഡൽഹി: പാകിസ്ഥാൻ പ്രകോപനം തുടരുന്നതിനിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോയുടെയും എക്‌സ് അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. പാക് സിനിമാ താരങ്ങളായ ഹാനിയ ആമിർ, അലി സഫർ, ഗായകൻ റാഹത്ത് ഫത്തേ അലി ഖാൻ തുടങ്ങി 10ൽപ്പരം താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വിലക്കി. ബൈസരൻ ഭീകരാക്രമണ ദിവസം അവിടെ കട തുറക്കാത്ത വ്യാപാരിയെ കസ്റ്റഡിയിലെടുത്തു. വനത്തിൽ ഭീകരർ തങ്ങിയ സ്ഥലവും ഭക്ഷണശേഖരവും കണ്ടെത്തി.

അതേസമയം പഞ്ചാബ് ഫിറോസ്‌പൂരിലെ സൈനിക മേഖലയിൽ ഇന്നലെ രാത്രി 9 മുതൽ 9.30 വരെ വൈദ്യുതി അണച്ച് ഇന്ത്യൻ സൈന്യം പരിശീലനം നടത്തി. പാകിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണിത്. എന്നാൽ ഇന്ത്യയുടെ പ്രഹരത്തിൽ നിന്ന് രക്ഷപ്പെടാൻ ആണവായുധ ഭീഷണി ആവർത്തിക്കുകയാണ് പാകിസ്ഥാൻ. റഷ്യയിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലിയാണ് ഏറ്റവും ഒടുവിൽ ഭീഷണി മുഴക്കിയത്.

ഇന്ത്യ ആക്രമിച്ചാൽ ആണവ- പരമ്പരാഗത ആയുധങ്ങൾ അതിന്റെ പൂ‌ർണശേഷിയോടെ പ്രയോഗിക്കുമെന്ന് റഷ്യൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യ ആക്രമിച്ചേക്കും എന്ന രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ട്. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് പാകിസ്ഥാൻ മുൻകൂട്ടി കാണുന്നുണ്ടെന്ന് ജമാലി വ്യക്തമാക്കി.

 മുഖമടച്ച് അടി കൊടുത്തിരിക്കും: പ്രതിരോധമന്ത്രി രാജ്യത്തിന് ഭീഷണിയായ ഏതു ശക്തിക്കും മുഖമടച്ച് അടി കൊടുത്തിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സൈനികർക്ക് പൂർണ പിന്തുണ നൽകി അവർക്കൊപ്പം ശക്തമായി നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ഇന്ന് ജപ്പാൻ പ്രതിരോധമന്ത്രി ജനറൽ നകാടനിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ഇന്ത്യ പാക് ബന്ധം വഷളായതിനിടെ നടക്കുന്ന കൂടിക്കാഴ്ച നിർണായകമാണ്.

പാകിസ്ഥാൻ ദേശീയ അസംബ്ളി ഇന്ന് ചേരും

 പാകിസ്ഥാനിൽ ഇന്ന് പ്രത്യേക ദേശീയ അസംബ്ലി (പാർലമെന്റ്) ചേരും  രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ റേഞ്ചേഴ്സിലെ ഭടൻ മുഹമ്മദ് അബ്‌ദുല്ലയെ ബി.എസ്.എഫ് തട്ടിക്കൊണ്ടുപോയെന്ന് പാക് ആരോപണം

 പാക് തുറമുഖങ്ങളിൽ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് വിലക്ക്