'ആ ജീവിതം തന്നത് ദുരിതങ്ങൾ മാത്രം, പിന്നെ ഞങ്ങൾ വീട് വാങ്ങിയിട്ടില്ല': ചന്ദ്ര ലക്ഷ്മൺ

Friday 06 September 2019 11:49 PM IST

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാലി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ചന്ദ്രാലക്ഷ്മൺ. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുകയാണ് ചന്ദ്രാലക്ഷ്മൺ. അതിനിടെ വീടുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കുവെക്കുകയാണ് താരം.

ഞങ്ങൾക്ക് വീടുകൾ വാഴില്ല എന്നാണ് ഇതുവരെയുള്ള വിശ്വാസമെന്ന് ചന്ദ്ര പറയുന്നു. തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അമ്മ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. അച്ഛൻ സ്വകാര്യ സ്ഥാപനത്തിലും. അച്ഛന്റെ സ്ഥലം മാ​റ്റങ്ങൾക്കനുസരിച്ച് ഞങ്ങളുടെ വീടുകളും മാറിക്കൊണ്ടിരുന്നതായി ചന്ദ്ര ലക്ഷ്മൺ പറയുന്നു.

ഞാൻ രണ്ടാം കസിൽ പഠിക്കുന്ന സമയത്ത് അച്ഛൻ എറണാകുളത്ത് ഒരു വീട് മേടിച്ചു. പക്ഷേ 3 വർഷം മാത്രമേ അവിടെ താമസിക്കാനായുള്ളൂ. അച്ഛന് മധുരയിലേക്ക് സ്ഥലം മാ​റ്റം. അതോടെ വീട് കുറെ നാൾ അടഞ്ഞു കിടന്നു. നോക്കാനാളില്ലാതായതോടെ ആ വീട് ഞങ്ങൾ വി​റ്റു. അതിനുശേഷം അച്ഛന് ചെന്നൈയിലേക്ക് സ്ഥലം മാ​റ്റം കിട്ടി.

ഞങ്ങൾ ചെന്നൈയിൽ ഒരു ഫ്ലാ​റ്റ് വാങ്ങി താമസം തുടങ്ങി. പക്ഷേ വീണ്ടും നാലു വർഷം മാത്രമേ അവിടെ തുടരാനായുള്ളൂ. മ​റ്റുള്ളവർക്ക് അന്ധവിശ്വാസമാണെന്നു തോന്നാമെങ്കിലും അവിടെ താമസിച്ചപ്പോൾ ഞങ്ങൾക്ക് മൂന്നു പേർക്കും അപകടങ്ങൾ ഉണ്ടായി. മരണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തുടർന്ന് രോഗങ്ങളും പ്രശ്നങ്ങളും വേട്ടയാടിയതോടെ വീടിന്റെ വാസ്തു നോക്കിച്ചു. ഫ്ലാ​റ്റിന്റെ ദിശയിലും അളവുകളിലുമൊക്കെ ദോഷങ്ങൾ കണ്ടെത്തി. അതോടെ ആ ഫ്ലാ​റ്റ് ഞങ്ങൾ വി​റ്റു. അഡയാറിൽ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പിന്നെ ഇതുവരെ ഞങ്ങൾ സ്വന്തമായി വീട് വാങ്ങിയിട്ടില്ലെന്നും താരം പറയുന്നു.

ഡ്യൂപ്ലെയ് ശൈലിയിലുള്ള ഇൻഡിപെൻഡന്റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. എന്റെ ജീവിതത്തിൽ പോസി​റ്റീവായ ഒരുപാട് കാര്യങ്ങൾ സംഭവിച്ചത് ഇവിടെ താമസിക്കുമ്പോഴാണ്. അതുകൊണ്ട് വാടകവീടായാലും ഇതുവരെ മ​റ്റൊരു വീടിനോടും തോന്നാത്ത മാനസിക അടുപ്പമുണ്ടെന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു.

ഞങ്ങൾക്ക് മൃഗസ്‌നേഹികളുടെ ഒരു സംഘടനയുണ്ട്. തെരുവുനായ്ക്കളെ മ​റ്റും പുനരധിവസിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്. അതെല്ലാം തുടങ്ങിയത് ഇവിടെ താമസിച്ചു തുടങ്ങിയ ശേഷമാണ്. ബാൽക്കണിയിൽ ഞങ്ങൾ ഒരു ഗാർഡൻ ഒരുക്കിയിട്ടുണ്ട്. പൂജാമുറിയും ഗാർഡനുമാണ് എന്റെ ഫേവറി​റ്റ് സ്‌പേസുകൾ. എല്ലാവർഷവും തിരുവനന്തപുരത്തുള്ള അമ്മവീട്ടിലേക്ക് എത്താറുണ്ട്. അവിടെ അമ്മൂമ്മയുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ രണ്ടു വർഷത്തോളം അഭിനയരംഗത്തു നിന്നും മാറിനിൽക്കുകയായിരുന്നു. ഇപ്പോൾ തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ്.