തത്തയെ കണ്ടെത്താൻ അഞ്ചംഗ സംഘം കീപ്പർമാർ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം

Monday 05 May 2025 1:38 AM IST

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് കാണാതായ മക്കാവൂ തത്തയെ കണ്ടെത്താൻ അഞ്ചംഗ സംഘത്തെ നിയോഗിച്ചു. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ നേതൃത്വം നൽകുന്ന സംഘത്തിൽ മൂന്ന് സൂപ്പർവൈസർമാരും രണ്ട് കീപ്പർമാരുമുണ്ട്.ഇവർ ഇന്നലെ നഗരത്തിലെ മിക്ക പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും തത്തയെ കണ്ടെത്താനായില്ല.വെള്ളയമ്പലം ഒബ്സർവേറ്ററി ഭാഗത്ത് കണ്ടെങ്കിലും അതിനെ പിടികൂടാൻ സാധിച്ചില്ല. മക്കാവൂ തത്തകൾക്ക് വളരെ ഉയരത്തിൽ പറക്കാനാവും. അതിനാൽ എളുപ്പത്തിൽ കണ്ടെത്താനാവില്ലെന്ന് മൃഗശാലാ അധികൃതർ പറയുന്നു.നീലയും മഞ്ഞയും നിറത്തിലുള്ള 2വയസുള്ള തത്തയാണ് കൂട്ടിൽ നിന്ന് പറന്നുപോയത്. മൃഗശാലയിൽ 2022ൽ മുട്ടവിരിഞ്ഞുണ്ടായ 3 പക്ഷികളിൽ ഒരെണ്ണമാണിത്. സ്വാഭാവികമായി ഭക്ഷണം കണ്ടെത്താൻ സാധിക്കാത്തതിനാൽ ഇത് തിരികെ വരുമെന്ന് അധികൃതർ പറയുന്നു.ഇതിനെ കൂടാതെ 5 മക്കാവൂ പക്ഷികളാണ് മൃഗശാലയിലുള്ളത്. ജോഡിക്ക് 4 ലക്ഷത്തോളം വില വരും.

പൊലീസിന്റെ സഹായം തേടും

മക്കാവൂ തത്തകളെ കണ്ടെത്താൻ പൊലീസിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് അധികൃതർ.പൊലീസ് സ്ഥാപിച്ച ക്യാമറകൾ പരിശോധിച്ച് കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും മൃഗശാല അധികൃതർക്കുണ്ട്.എന്നാൽ ഇതുവരെ തത്തയെ കാണാനില്ലെന്ന പരാതി നൽകിയിട്ടില്ല.

ജാഗ്രത പുലർത്തണം

മക്കാവൂ തത്തയും കാട്ടുകോഴിയും പറന്നുപോയത് കീപ്പർമാരുടെ കണ്ണുവെട്ടിച്ചാണ്.കൂടു തുറന്ന് തീറ്റ നൽകിയ ശേഷം കീപ്പർമാർ പുറത്തിറങ്ങിയെങ്കിലും വാതിലടയ്ക്കാൻ അല്പം വൈകി.ഈ തക്കത്തിനാണ് പക്ഷികൾ വാതിൽവഴി പറന്നുപോയത്.രണ്ടാഴ്ച മുൻപ് പറന്നുപോയ കാട്ടുകോഴിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.ഇന്നലെ കീപ്പർമാരുടെയും മൃഗശാല ജീവനക്കാരുടെയും അടിയന്തരയോഗം മൃഗശാല ഡയറക്ടർ വിളിച്ചു ചേർത്തിരുന്നു.ഇതിൽ കീപ്പർമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇനി ഇത്തരം സംഭവമുണ്ടായാൽ നടപടിയെടുക്കുമെന്നും കർശനനിർദ്ദേശം നൽകി.