കനകക്കുന്നിൽ നിറഞ്ഞു 'ആരോഗ്യത്തിന്റെ' ചിരി

Monday 05 May 2025 1:51 AM IST

തിരുവനന്തപുരം: ലോക ചിരിദിനമായ ഇന്നലെ തിരുവനന്തപുരം ലാഫിംഗ് ക്ലബിന്റെ നേതൃത്വത്തിൽ കനകക്കുന്ന് വളപ്പിൽ സൗജന്യ ചിരി യോഗ പരിശീലനം നടന്നു. വ്യത്യസ്ത പ്രായത്തിലുള്ള 40ഓളം പേർക്കൊപ്പം പ്രഭാതസവാരിക്കെത്തിയവരും ഒത്തുകൂടി. പല അസുഖങ്ങൾക്ക് മരുന്നുകഴിക്കുന്നരും ചിരിയോഗയിൽ പങ്കാളികളായി. ചിരിയിലൂടെ മാനസിക പിരിമുറുക്കവും അസുഖങ്ങളും അകറ്റുകയാണ് ലക്ഷ്യം. 'ചിരിക്കൂ, ചിരിക്കൂ, ചിരിച്ചുകൊണ്ടേയിരിക്കൂ..." എന്നതാണ് ചിരിയോഗയുടെ ആപ്തവാക്യം. പാലക്കാട് ലാഫ്റ്റർ യോഗ ക്ലബ് പ്രസിഡന്റും ഹാസ്യശ്രീ അവാർഡ് ജേതാവുമായ പി.ജി.നായർ ഏകദേശം ഒരുമണിക്കൂർ നീണ്ടുനിന്ന പരിശീലനത്തിന് നേതൃത്വം നൽകി. ലാഫിംഗ് ക്ലബ് സെക്രട്ടറി ശിവാനന്ദൻ പങ്കെടുത്തു. പി.ജി.നായരെ ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.