മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; അമ്പൂരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു
വെള്ളറട: മദ്യപിക്കുന്നതിനിടയിലെ വാക്കു തർക്കത്തെ തുടർന്ന് അമ്പൂരിയിൽ അച്ഛൻ മകനെ കറിക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. നെയ്യാർ റിസർവിലെ അമ്പൂരി കാരിക്കുഴി കുന്നത്തുമല കിഴക്കേക്കര വീട്ടിൽ മനോജ് (28) അണ് മരിച്ചത്. അച്ഛൻ വിജയൻ കാണി പൊലീസിൽ കീഴടങ്ങി.
വിജയൻ കാണിയും ഭാര്യ മോളിയും മകൻ മനോജുമാണ് വീട്ടിലുണ്ടായിരുന്നത്. സ്ഥിരമായി ഇവർ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. ശനിയാഴ്ച രാത്രി അച്ഛനും മകനും കൂടി മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കറിക്കത്തികൊണ്ട് മകനെ അച്ഛൻ വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലാണ് വെട്ടേറ്റത്. വഴക്കും ബഹളവും കേട്ടെങ്കിലും സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് വെട്ടേറ്റതിനെ കുറിച്ച് സമീപത്തുള്ളവർ അറിയുന്നത്. അപ്പോഴേക്കും രക്തം വാർന്നൊഴുകി മനോജ് അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം വിജയൻ കാണി സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലെത്തി കീഴടങ്ങി. പിന്നീട് നെയ്യാർ ഡാം പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്നലെ വൈകിട്ട് സംസ്കരിച്ചു. വീട്ടിലെ സ്ഥിരം മദ്യപാനവും ബഹളവും കാരണം വിജയൻ കാണിയുടെ മൂത്ത മകൻ മനു കുടുംബസമേതം കോട്ടൂരാണ് താമസിക്കുന്നത്.