വേണ്ടത് പ്രാസംഗികരെയല്ല,​ പങ്കാളികളെ: എസ്. ജയശങ്കർ

Monday 05 May 2025 12:59 AM IST

ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് നയതന്ത്രതലത്തിൽ പ്രാസംഗികരെയല്ല,​ പങ്കാളികളെയാണ് വേണ്ടതെന്ന് യൂറോപ്യൻ യൂണിയനെ വിമർശിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഡൽഹിയിൽ 'ആർട്ടിക് സർക്കിൾ ഇന്ത്യ ഫോറം" പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനുമായുള്ള ബന്ധം വഷളായതിനിടെ വിഷയത്തിൽ ഇന്ത്യ സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അഭ്യർത്ഥിച്ചിരുന്നു. ഇതിനിടെയാണ് പ്രതികരണമെന്നത് ശ്രദ്ധേയമാണ്. യൂറോപ്പിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവെന്ന ചോദ്യത്തോടായിരുന്നു മറുപടി. ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധത്തിന് യൂറോപ്പ് സംവേദനക്ഷമത പ്രകടിപ്പിക്കണം. സ്വന്തം രാജ്യത്ത് നടപ്പാക്കാത്ത കാര്യങ്ങൾ മറ്റുള്ളവരോട് പ്രസംഗിക്കുന്നു. പറയുന്നത് പ്രായോഗികതലത്തിൽ കൊണ്ടുവരണം- ജയശങ്കർ പറഞ്ഞു. റഷ്യ - യുക്രെയിൻ സംഘർഷത്തിൽ റഷ്യയ്‌ക്കെതിരെ നിലപാടെടുത്ത യൂറോപ്യൻ യൂണിയൻ, ഇന്ത്യ - പാക് വിഷയത്തിൽ ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്ന് ജയശങ്കർ വ്യക്തമാക്കി.

യാഥാർത്ഥ്യം

ഉൾക്കൊള്ളണം

യൂറോപ്യൻ യൂണിയൻ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് നിലപാട് സ്വീകരിക്കണം. റഷ്യ - യുക്രെയിൻ സംഘർഷത്തിൽ റഷ്യയെ മാറ്റി നിറുത്തിക്കൊണ്ടുള്ള പ്രശ്‌നപരിഹാരത്തിന് പടിഞ്ഞാറൻ രാജ്യങ്ങൾ ശ്രമിച്ചു. ഇത് റിയലിസത്തിന്റെ അടിസ്ഥാനപ്രമാണത്തെ തന്നെ വെല്ലുവിളിക്കുന്നതാണ്. യാഥാർത്ഥ്യ ബോധത്തോടെയുള്ള റഷ്യയുടെയും യു.എസിന്റെയും നിലപാടിനൊപ്പമാണ് താൻ- ജയശങ്കർ വ്യക്തമാക്കി.