സ്ട്രാറ്റോസ്‌ഫെറിക് എയർഷിപ്പ് വികസിപ്പിച്ച് ഇന്ത്യ

Monday 05 May 2025 1:00 AM IST

ന്യൂഡൽഹി: സ്ട്രാറ്റോസ്‌ഫെറിക് എയർഷിപ്പ് സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ച് ഇന്ത്യ. ഇതിന്റെ ആദ്യ പരീക്ഷണ പറക്കൽ മദ്ധ്യപ്രദേശിലെ ഷയോപുരിൽ ശനിയാഴ്ച വിജയകരമായി നടത്തി. ഇതോടെ പ്രതിരോധ രംഗത്ത് പുതിയ നേട്ടം ഇന്ത്യ കൈവരിച്ചു. അപൂർവം ചില രാജ്യങ്ങൾക്ക് മാത്രമാണ് സ്വന്തമായ സ്ട്രാറ്റോസ്‌ഫെറിക് എയർഷിപ്പുള്ളത്.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയുടെ ഉപസ്ഥാപനമായ ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എ.ഡി.ആർ.ഡി.ഇ) ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ശനിയാഴ്ച നടന്ന പരീക്ഷണത്തിൽ ഭൗമോപരിതലത്തിൽ നിന്ന് 17 കലോമീറ്ററോളം ഉയരത്തിൽ അന്തരീക്ഷത്തിന്റെ ഏറ്റവും ഉയർന്ന പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് ഇതിനെത്താനായി. പരീക്ഷണം 62 മിനറ്റോളം നീണ്ടുനിന്നു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സ്ട്രാറ്റോസ്‌ഫെറിക് എയർഷിപ്പ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ഗവേഷകരെ അഭിനന്ദിച്ചു. ഭാവിയിൽ കൂടുതൽ ഉയരത്തിൽ പ്രവർത്തിക്കുന്ന എയർഷിപ്പ് മോഡലുകൾ വികസിപ്പിക്കുന്നതിന് ഈ പരീക്ഷണവിജയം നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ട്രാറ്റോസ്‌ഫെറിക് എയർഷിപ്പ് വിജയകരമായ പറക്കൽ പരീക്ഷണം നടത്തിയതും ശ്രദ്ധേയമാണ്.

ചാരപ്രവർത്തനത്തിന്

ചെലവു കുറഞ്ഞ ഭൗമ നിരീക്ഷണം, വിവര ശേഖരണം, നിരീക്ഷണം, പ്രതരോധ നടപടികൾ സ്വീകരിക്കൽ തുടങ്ങിയവയ്ക്കായാണ് ഇത്തരം എയർഷിപ്പുകൾ ഉപയോഗിക്കുക. നിലവിൽ അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിർത്തി നീരീക്ഷണത്തിനും മറ്റുരാജ്യങ്ങളിൽ ചാരപ്രവർത്തനം നടത്താനുമൊക്കെ എയർഷിപ്പുകൾ ഉപയോഗിക്കാറുണ്ട്. വളരെ ഉയരത്തിൽ പറക്കുന്നതുകൊണ്ട് പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടുകയില്ല.