അനുവാദം ലഭിച്ചിരുന്നു: പാക് യുവതിയെ വിവാഹം ചെയ്ത ജവാൻ
ശ്രീനഗർ: സി.ആർ.പി.എഫിൽ നിന്ന് അനുവാദം ലഭിച്ചതിനുശേഷമാണ് താൻ പാക് യുവതിയെ വിവാഹം കഴിച്ചതെന്ന് പിരിച്ചുവിട്ട സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മുനീർ അഹമ്മദ്. മേൽ ഉദ്യോഗസ്ഥർക്ക് ഇക്കാര്യമറിയാം. അനുമതി ലഭിച്ച ശേഷമാണ് മെനാൽ ഖാനെയെ വിവാഹം കഴിച്ചത്. തനിക്കെതിരായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുനീർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജമ്മുവിലെ ഘരോട്ട സ്വദേശിയായ മുനീർ, 2017 ഏപ്രിലിലാണ് സി.ആർ.പിഎഫിൽ ചേർന്നത്. 2022 ഡിസംബർ 31ന് പാക് യുവതിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് ഓഫീസിൽ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി പാസ്‌പോർട്ടിന്റെ കോപ്പികൾ, വിവാഹ കാർഡ്, മുനീറിന്റെ മാതാപിതാക്കളുടെയും സർപഞ്ച് ജില്ലാ വികസന കൗൺസിൽ അംഗത്തിന്റെയും സത്യവാങ്മൂലം സമർപ്പിച്ചു. 2024 ഏപ്രിൽ 30ന് വിവാഹത്തിന് അനുമതി ലഭിച്ചു. വിവാഹശേഷം അതിന്റെ ചിത്രങ്ങളും സർട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നതായും മുനീർ പറഞ്ഞു.
വിവാഹാവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ 41-ാം ബറ്റാലിയനിലേക്ക് സ്ഥലംമാറ്റി. അവിടെ കമാൻഡിംഗ് ഓഫീസർ നടത്തിയ അഭിമുഖത്തിലും പാക് യുവതിയെ വിവാഹംകഴിച്ച കാര്യം പരാമർശിച്ചിരുന്നുവെന്നും മുനീർ പറഞ്ഞു.
2024 മേയ് 24നാണ് പാകിസ്ഥാനിലെ പഞ്ചാവ് പ്രവിശ്യയിലുള്ള മിനാലിനെ മുനീർ വിവാഹം കഴിച്ചത്. ഓൺലൈനിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. വീഡിയോകാൾ വഴിയാണ് നിക്കാഹ് ചടങ്ങുകൾ നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.