കരമനയിൽ വഴിത്തർക്കം: അയൽവാസികൾ വീടുകയറി ആക്രമിച്ചെന്ന് പരാതി

Monday 05 May 2025 1:52 AM IST

തിരുവനന്തപുരം: വഴിയിൽ വാഹനം പാർക്ക് ചെയ്തതുസംബന്ധിച്ച് അയൽക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റതായി പരാതി.

കരമന കുഞ്ചാലുംമൂട് വട്ടവിളയിൽ സൈനബയ്ക്കാണ് പരിക്കേറ്റത്. സൈനബയുടെ മകൻ നുബുഹാൻ(35) രാത്രി വീട്ടിലേക്ക് വരുന്ന വഴിയിൽ തടസമായി ബൈക്കിരുന്നത് അയൽവാസിയോട് ചോദിച്ചതിനെ തുടർന്ന് തർക്കമുണ്ടാവുകയായിരുന്നു. പിന്നാലെ നുബുഹാൻ വീട്ടിൽ കയറി വാതിലടച്ചത് അയൽക്കാരെ പ്രകോപിപ്പിച്ചു. തുടർന്ന് അയൽക്കാർ ഇവരുടെ വീടുകയറി ആക്രമിച്ചെന്നും ഇതിനിടെ വീടിന്റെ വാതിൽപ്പാളി അടർന്ന് സൈനബയുടെ തലയിൽ വീഴുകയുമായിരുന്നെന്നാണ് പരാതി.

കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. നുബുഹാനെയും സൈനബയെയും അയൽക്കാർ ആക്രമിച്ചതായി കാണിച്ച് സൈനബയുടെ മാതാവ് ഫാത്തിമ കരമന പൊലീസിൽ നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കരമന പൊലീസ് കേസെടുത്തു.

അതേസമയം നുബുഹാൻ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നതായി കാണിച്ച് നാട്ടുകാരായ സ്ത്രീകൾ വനിതാ കമ്മിഷനിലും മന്ത്രി വി.ശിവൻകുട്ടിക്കും കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.