അഞ്ചംഗ സംഘത്തിന്റെ ആക്രമണം: പരിക്കേറ്റ എസ്.ഐയുടെ മകനെതിരെ കള്ളക്കേസെന്ന് പരാതി

Monday 05 May 2025 2:01 AM IST

പോത്തൻകോട്: വലിയതുറ സ്റ്റേഷനിലെ എസ്.ഐ ഉറൂബിന്റെ മകൻ ഫെർണാസിനെതിരെ പോത്തൻകോട് പൊലീസ് കള്ളക്കേസെടുത്തെന്ന് പരാതി. ഫെർണാസിനെതിരെ അഞ്ചംഗ ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തിൽ പ്രതികളിലൊരാൾ നൽകിയ പരാതിയിലാണ് കേസ്. കേസിലെ മൂന്നാം പ്രതി ധീരജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പൊലീസ് കൗണ്ടർ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നത ഉദ്യാഗസ്ഥർക്ക് പരാതി നൽകി.

ഫെബ്രുവരി 23നായിരുന്നു സംഭവം. ഫെർണാസ് അഞ്ചുപ്രതികളെയും ഒറ്റയ്ക്ക് ആയുധം ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് പരാതി. എന്നാൽ മർദ്ദനമേറ്റെന്ന് പറയുന്ന പൊലീസ് ഡ്രൈവർ അടക്കമുള്ള പ്രതികൾ സംഭവ ദിവസം സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയോ ചികിത്സ തേടുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. പൊലീസ് ഡ്രൈവറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

കൗണ്ടർ കേസ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പൊലീസ് ഡ്രൈവർക്കെതിരെയുള്ള കേസ് പിൻവലിയ്ക്കാനുള്ള ശ്രമമാണെന്ന് ഫെർണാസിന്റെ കുടുംബം ആരോപിച്ചു. വ്യാജ കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം വ്യക്തമാക്കി.