കരിമരുന്നിന്റെ 'ഉഗ്രതാണ്ഡവം '

Monday 05 May 2025 1:25 AM IST

തൃശൂർ : വടക്കുന്നാഥന്റെ ആകാശവട്ടത്തിൽ കരിമരുന്നിന്റെ ഉഗ്രതാണ്ഡവവുമായി പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും സാമ്പിൾ. കരിമരുന്നിന്റെ വിസ്മയക്കാഴ്ച്ചയിൽ മതിമറന്ന് പൂരപ്രേമികൾ. ഇന്നലെ വൈകിട്ട് 7.27ന് തിരുവമ്പാടി വിഭാഗം കൊളുത്തിയ വെടിക്കെട്ടിന്റെ തീപ്പൊരി കത്തിപ്പടർന്ന് അമിട്ടുകളും ഗുണ്ടുകളുമായി പതുക്കെ പതുക്കെ നീങ്ങി. പാതി പിന്നിട്ടപ്പോൾ ഗുണ്ടുകൾക്കും കുഴി മിന്നികൾക്കും അമിട്ടുകൾക്കുമൊപ്പം അഴകായി ഓലപ്പടക്കങ്ങളും ചേർന്നു.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് പിന്തുണയർപ്പിച്ച് സർജിക്കൽ സ്‌ട്രൈക്കും മാജിക് ക്രിസ്റ്റലും ഡ്രാഗൺ ഫ്‌ളൈറ്റുമായി തിരുവമ്പാടി കാണികളെ കൈയിലെടുത്തു. ഏഴ് മിനിറ്റോളം നീണ്ടുനിന്ന കരിമരുന്നിന്റെ മായാജാലത്തിന് ശേഷം പാറമേക്കാവ് വിഭാഗം തങ്ങളുടെ പൂരത്തിന് മുമ്പുള്ള ആകാശപ്പൂരത്തിന് വഴിമരുന്നിട്ട് 8.32ന് തിരികൊളുത്തി. പൂരം പ്രദർശന നഗരിയുടെ മുന്നിൽ നിന്നാരംഭിച്ച് തെക്കേഗോപുര നടയുടെ അടിവാരത്തിലൂടെ ശരവേഗത്തിൽ കത്തിക്കയറിയപ്പോൾ ഗുണ്ടും അമിട്ടും കുഴിമിന്നികളുമെല്ലാം ആകാശത്തേക്ക് കുതിച്ചുയർന്ന് ശബ്ദവർണങ്ങളിൽ പെയ്തിറങ്ങി.

ആകാശപ്പൂരത്തിനിടെ ഇടിയും മിന്നലും സൃഷ്ടിച്ച് പാറമേക്കാവ് പൂരത്തിന് മുമ്പുള്ള തങ്ങളുടെ അണിയറയിലുള്ള സാമ്പിളിന്റെ ഉഗ്രശേഷി പുറത്തെടുത്തു. പരിചസമ്പന്നനായ മുണ്ടത്തിക്കോട് സതീഷായിരുന്നു തിരുവമ്പാടിയുടെ വെടിക്കെട്ട് പൂരത്തിന് നേതൃത്വം നൽകിയതെങ്കിൽ തൃശൂർ പൂരത്തിന് ആദ്യമായി നേതൃത്വം നൽകിയ പാറമേക്കാവിന്റെ ബിനോയ് ജേക്കബ് തന്റെ കന്നി പ്രവേശം കേങ്കേമമാക്കി. മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, എ.സി.പി സലീഷ് എൻ.ശങ്കർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി കെ.സി.സേതു എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമാണ് വെടിക്കെട്ടിന് തിരികൊളുത്താൻ അനുമതി നൽകിയത്.