എൻട്രി നേടാൻ ഇന്ന് മൈതാനത്ത് കരിവീരന്മാരെത്തും
തൃശൂർ: പൂരത്തിന് എൻട്രി നേടാൻ ഇന്ന് മൈതാനത്ത് കരിവീരൻമാരെത്തും. പൂരത്തിൽ പങ്കെടുക്കുന്നതിനുള്ള ഫിറ്റ്‌നസ് പരിശോധനയ്ക്കായി തേക്കിൻക്കാട് മൈതാനം, സി.എം.എസ് സ്‌കൂൾ, പാറമേക്കാവ് ആനക്കോട്ട എന്നിവിടങ്ങളിലാണ് പരിശോധന. പാറമേക്കാവ് വിഭാഗം 50 ആനകളുടെയും തിരുവമ്പാടി വിഭാഗം 48 ആനകളുടെയും ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. രണ്ട് വിഭാഗത്തിലുമായി പരിശോധനയ്ക്കായി 40 ഓളം ഡോക്ടർമാരാണ് ഉള്ളത്. ഇരു വിഭാഗത്തിനും അഞ്ചു പേരടങ്ങുന്ന നാലു ടീമുകളായി തിരിഞ്ഞാണ് പരിശോധന. വൈകിട്ട് മൂന്നരയോടെ പരിശോധന ആരംഭിക്കും. ഇതിൽ നിന്നാണ് പൂരത്തിനുള്ള ആനകളെ തിരഞ്ഞെടുക്കുക. ഘടക പൂരങ്ങൾക്കും ഇതിൽ നിന്നാണ് ആനകളെ വിട്ടുകൊടുക്കുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പൂരം വിളംബരം നടത്തുന്ന ദേവസ്വം ശിവകുമാർ എന്നിവരുടെ പരിശോധന ഇന്നലെ പൂർത്തിയായി. പാറമേക്കാവ് വിഭാഗത്തിൽ കാശിനാഥൻ, ഗുരുവായൂർ നന്ദൻ, എറണാകുളം ശിവകുമാർ, പല്ലാട്ട് ബ്രഹ്മദത്തൻ, പാറന്നൂർ നന്ദൻ, മച്ചാട് ജയറാം, മച്ചാട് ഗോപാലൻ, ബാസ്റ്റ്യൻ വിനയസുന്ദർ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ തുടങ്ങിയ മുൻനിര ആനകൾ ലിസ്റ്റിലുണ്ട്. തിരുവമ്പാടി വിഭാഗത്തിൽ തിരുവമ്പാടി ചന്ദ്രശേഖരൻ, തിരുവമ്പാടി കണ്ണൻ, കുട്ടൻകുളങ്ങര അർജുനൻ, ഗുരുവായൂർ രാജശേഖരൻ, പുതുപ്പള്ളി സാധു, ഊട്ടോളി അനന്തൻ, ഊക്കൻസ് കുഞ്ചു, കിരൺ നാരായണൻ കുട്ടി, ഗുരുവായൂർ ഗോകുൽ, അക്കിക്കാവ് കാർത്തികേയൻ, ഊട്ടോളി രാമൻ തുടങ്ങിയ പ്രമുഖരുണ്ട്.