ഇസ്രയേലിൽ ഹൂതി ആക്രമണം; തിരിച്ചടിക്കുമെന്ന് നെതന്യാഹു
ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ വിക്ഷേപിച്ച മിസൈൽ ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം പതിച്ചു. 6 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. മിസൈൽ തുറന്ന മേഖലയിൽ പതിച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.18നായിരുന്നു സംഭവം. വിമാനത്താവളത്തിന്റെ ടെർമിനൽ 3ന്റെ പാർക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള റോഡിലാണ് മിസൈൽ പതിച്ചത്.
ആക്രമണത്തിന് ഇരട്ടി ശക്തിയിൽ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തിരിച്ചടി ചർച്ച ചെയ്യാൻ നെതന്യാഹു അടിയന്തര സുരക്ഷാ ക്യാബിനറ്റ് യോഗം വിളിച്ചു ചേർത്തു. മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ അന്താരാഷ്ട്ര എയർലൈനുകൾ റദ്ദാക്കി. ഗാസയിലെ പാലസ്തീനികൾക്ക് പിന്തുണയറിയിച്ച്,ഇസ്രയേലിനെതിരെ തുടരുന്ന ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ഹൂതി വിമതർ ഭീഷണി മുഴക്കി.
യെമനിൽ നിന്ന് വരുന്ന മിസൈലുകൾ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർക്കുന്നത് പതിവാണ്. എന്നാൽ ഇന്നലെയുണ്ടായ മിസൈലാക്രമണത്തെ ചെറുക്കാൻ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ ആരോയ്ക്കോ,യു.എസ് നൽകിയ താഡ് സിസ്റ്റത്തിനോ സാധിച്ചില്ല.
അപായ മുന്നറിയിപ്പുകൾ നൽകിയതിനാൽ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിത മേഖലകളിൽ അഭയം തേടിയിരുന്നു. ഗാസയിലെ സൈനിക നടപടികൾ കൂടുതൽ വ്യാപിപ്പിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണം. പതിനായിരക്കണക്കിന് റിസേർവ് സൈനികരെ ഗാസയിലേക്ക് വിന്യസിക്കാനാണ് ഇസ്രയേലിന്റെ നീക്കം.
എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
ഇസ്രയേലിലെ ഹൂതി മിസൈലാക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയവയിൽ എയർ ഇന്ത്യയും. ഡൽഹിയിൽ നിന്ന് ഇന്നലെ ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. ആറ് വരെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻ നിറുത്തിയാണിതെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇന്നലെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എ.ഐ 139 വിമാനം ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് മിസൈൽ ആക്രമണമുണ്ടായത്. ഇതേത്തുടർന്ന് ജോർദ്ദാന്റെ ആകാശ പരിധിയിൽ നിന്നാണ് വിമാനം തിരിച്ച് പറന്നത്.