സിംഗപ്പൂർ തിരഞ്ഞെടുപ്പ് -- ലോറൻസ് പ്രധാനമന്ത്രിയായി തുടരും

Monday 05 May 2025 7:12 AM IST

സിംഗപ്പൂർ: സിംഗപ്പൂരിൽ പ്രധാനമന്ത്രി ലോറൻസ് വോംഗിന് (52) ഭരണത്തുടർച്ച. ശനിയാഴ്‌ച നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ ലോറൻസിന്റെ പീപ്പിൾസ് ആക്ഷൻ പാർട്ടി (പി.എ.പി) വിജയം സ്വന്തമാക്കി. പാർലമെന്റിലെ 97 സീറ്റിൽ 87ലും പി.എ.പി വിജയിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം 14 -ാം തവണയാണ് പി.എ.പി തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്നത്. ആറ് പതിറ്റാണ്ടിലേറെയായി സിംഗപ്പൂർ ഭരിക്കുന്നത് പി.എ.പിയാണ്. മുൻ പ്രധാനമന്ത്രി ലീ സിയൻ ലൂംഗ് പദവി ഒഴിഞ്ഞതിനെ തുടർന്ന് 2024 മേയിലാണ് ലോറൻസ് വോംഗ് അധികാരമേറ്റത്. ധനവകുപ്പിന്റെ ചുമതലയും ലോറൻസിനാണ്. സാമ്പത്തിക വിദഗ്ദ്ധനായ ലോറൻസ് 2011 മുതൽ പാർലമെന്റ് അംഗമാണ്. മുൻ ഉപപ്രധാനമന്ത്രിയായ ലോറൻസ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യാപാരം,ധനം,ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.