ആശങ്കയിൽ പാകിസ്ഥാൻ --- യുദ്ധമുണ്ടായാൽ നാല് ദിവസം കൊണ്ട് പ്രതിരോധം തകരും

Monday 05 May 2025 7:12 AM IST

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ യുദ്ധത്തിന് മുതിർന്നാൽ നാല് ദിവസം കൊണ്ട് പാകിസ്ഥാന്റെ പ്രതിരോധ നിര തകർന്നടിയുമെന്ന് റിപ്പോർട്ട്. പീരങ്കി വെടിയുണ്ടകൾ അടക്കം നിർണായക ആയുധങ്ങളുടെ ശേഖരം പാക് സൈന്യത്തിന്റെ പക്കൽ കുറവാണെന്നാണ് വിവരം. പാക് സൈന്യത്തിലെ ഉറവിടങ്ങളിൽ നിന്നാണ് വാർത്ത പുറത്തുവന്നത്. നിലവിലെ ആയുധങ്ങളിൽ പലതിനും കാലാനുസൃതമായ പരിഷ്കാരങ്ങളും വരുത്തിയിട്ടില്ല.

യുക്രെയിനിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്തതാണ് പാക് സൈന്യത്തിന് തിരിച്ചടിയായത്. ആഭ്യന്തരമായി നിർമ്മിച്ച ആയുധങ്ങൾ യുക്രെയിനിലേക്കും മറ്റും പാകിസ്ഥാൻ രഹസ്യമായി വിതരണം ചെയ്തിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള പാകിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറീസിൽ നിന്ന് വെടിക്കോപ്പുകളടങ്ങുന്ന ആയുധങ്ങളും സൈനിക സാമഗ്രികളും അടങ്ങുന്ന കണ്ടെയ്നറുകൾ കറാച്ചിയിൽ നിന്ന് യൂറോപ്യൻ തുറമുഖങ്ങൾ വഴിയാണ് യുക്രെയിനിൽ എത്തിച്ചിരുന്നത്. പാകിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറീസാണ് പാക് സൈന്യത്തിനുള്ള പടക്കോപ്പുകൾ വിതരണം ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുകയായിരുന്നു ലക്ഷ്യം.

എന്നാൽ,ഇപ്പോൾ സ്വന്തം സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ പാകിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറീസിന്റെ പക്കലില്ല. നീണ്ട യുദ്ധത്തിനുള്ള സാമ്പത്തിക ശേഷിയും പാകിസ്ഥാനില്ല. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ സൈനിക നടപടി ഏതുനിമിഷവും ഉണ്ടാകുമെന്ന ഭീതിയിലാണ് പാകിസ്ഥാൻ. അതിർത്തിയോട് ചേർന്ന് പാക് സൈന്യം ആയുധങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിനിടെ,ഇന്ത്യയുമായി യുദ്ധമുണ്ടായാൽ ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് ഒരു പാക് എം.പി പ്രതികരിച്ചത് വൈറലായി. ഇന്ത്യ നയതന്ത്ര തലത്തിൽ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 5ന് പാക് പാർലമെന്റിന്റെ അടിയന്തര യോഗം ചേരും.

അതേസമയം, ചെനാബ് നദിയിലെ ബഗ്ളിഹർ ഡാമിൽ നിന്നുള്ള നീരൊഴുക്ക് ഇന്ത്യ അടച്ചത് പാകിസ്ഥാന് കനത്ത തിരിച്ചടിയായി. ഡാമിൽ നിന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്കുള്ള ജലവിതരണം തടസപ്പെട്ടു. കൃഷിയെ അടക്കം നടപടി പ്രതികൂലമായി ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ ആശങ്ക.