'വരാൻ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പ് അല്ല, നേതാക്കൾ പക്വത കാണിക്കണം'; തുറന്നടിച്ച് മാങ്കൂട്ടത്തിൽ

Monday 05 May 2025 3:06 PM IST

പത്തനംതിട്ട: കോൺഗ്രസിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. യുവാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കൾ കാണിക്കണമെന്നും ഞങ്ങൾ മിണ്ടാതിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സാധാരണ പ്രവർത്തകന്റെ ആത്മവിശ്വാസം തകർക്കരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇപ്പോൾ തുടരുന്ന അനിശ്ചിതത്വം നേതൃത്വം ഇടപെട്ട് മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലയോ എന്നതിൽ വ്യക്തത വരുത്തണം. വരാൻ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പ് അല്ല. അങ്കണവാടി ക്ലാസ് ലീഡറുടെ തിരഞ്ഞെടുപ്പല്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്ന് ഓർക്കണം. യുവ നേതാക്കൾ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കളും കാണിക്കണം. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.'- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ കാര്യങ്ങൾ ചർച്ചയാകണം. ഒരു നേതാക്കളുടെയും പേര് പറയാനില്ല. പാർട്ടി പ്രവർത്തകരുടെ വേദനയാണ് പങ്കുവയ്ക്കുന്നത്. കെ സുധാകരൻ കേരളത്തിലെ വലിയ ജനപിന്തുണയുള്ള നേതാവാണെന്നും അദ്ദേഹം കേരളത്തിലെ ഏത് ജംഗ്ഷനിൽ പോയാലും ആളുകൾ കൂടുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.