അമ്പു കൊള്ളാത്തവരുണ്ടോ; വേടന്റെ?

Tuesday 06 May 2025 3:46 AM IST

മാ നിഷാദാ... (അരുത്, കാട്ടാളാ) എന്ന് കോപാകുലനായ ആദികവി തന്നെ പൂർവാശ്രമത്തിൽ കാട്ടാള പ്രകൃതനായിരുന്നു. പിടിച്ചുപറിക്കാരനിൽ നിന്നുമാണ് ദയാപരനായ വാല്മീകി ഉരുവംകൊള്ളുന്നത്. ഇന്നിപ്പോൾ കാലം പുതിയൊരു വാല്മീകിക്കായി കാതോർക്കുന്നുണ്ട്. അധികാരത്തിന്റെ അരുതുകൾക്കു നേരെ വിരൽ ചൂണ്ടാനാവാതെ സ്ഥാനമാനങ്ങൾക്കും പുരസ്കാരങ്ങൾക്കുമായി കവികളും എഴുത്തുകാരും ക്യൂവിലാണ്. രാജാവിന്റെ മുഖത്തു നോക്കി സ്വന്തം മക്കളെക്കൊണ്ട് രാമായണം പാടിച്ച കവിയാണ് വാല്മീകി.

ഇന്നിപ്പോൾ കുടുംബ പുരാണങ്ങൾക്കു നേരെ ഒരു ചേദ്യവും വിരലുയർത്തുന്നില്ല. ആനുകാലിക അധർമ്മങ്ങളുടെ കൊമ്പു പിടിക്കാൻ മാദ്ധ്യമങ്ങൾക്കു പോലും മടിയാണ്. അധികാരത്തിന്റെ പുറംതിണ്ണയിൽ മയങ്ങുന്നവർക്ക് എങ്ങനെയാണ് അനീതികൾക്കു നേരെ കുരച്ചുചാടാനാവുക? നെഞ്ചിലൊരു പന്തം കുത്തിയ കാട്ടാളനായി ഉദിച്ചുയർന്ന കടമ്മനിട്ട പോലും ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ശയനപ്രദക്ഷിണം നടത്തുന്നതു കാണാനായി. അധികാര ശീതളിമയിൽ സുവർണ പ്രതിപക്ഷമായ കവികളും മയങ്ങുന്നു. ഈ വല്ലാത്തൊരു കാലത്താണ് പാട്ടിന്റെ ചൂട്ടു കത്തിച്ച് അന്യായങ്ങളുടെ മുഖത്തേക്കെറിയുന്ന പുതിയ അവതാരമായി റാപ്പർ വേടന്റെ രംഗപ്രവേശം.

രോഷാകുലരായ യുവത്വമാണ് ഏതു സാമൂഹിക മാറ്റത്തിനും വേഗത പകർന്നിട്ടുള്ളത്. രാസ ലഹരിയിൽ, നവമാദ്ധ്യമച്ചുഴികളിൽ വല്ലാതെ മുങ്ങിപ്പൊങ്ങുന്ന ആനുകാലിക യുവത്വം അരാഷ്ട്രീയ ആൾക്കൂട്ടമായി മാറിക്കഴിഞ്ഞു. വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനം കക്ഷി രാഷ്ട്രീയത്തിന്റെ ചട്ടുകമായതോടെ അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല. സാഹിത്യം, സിനിമ, കല ഇവയൊന്നും യുവാക്കൾക്ക് വഴിതെളിക്കാനോ അവരെ വഴിതെറ്റിക്കാനോ പോലും ഇന്ന് സജ്ജമല്ല.

ആയിരക്കണക്കിന് യുവജന കൂട്ടായ്മകളെ ഇളക്കിമറിക്കുന്ന റാപ്പർ വേടന്റെ പ്രസക്തി ഇവിടെയാണ്. ഒരു തരം അനുശീലനങ്ങൾക്കും വഴിപ്പെടാത്ത ഈ കറുപ്പിന്റെ ഉദയം, കരുത്തിന്റെ പ്രകാശനം കൂടിയാണ്. പൂത്തുമറിയുന്ന കള്ളിമുൾച്ചെടിപോലെ പാട്ടുകൊണ്ട് പരിക്കേല്പിക്കുന്നതാണ് വേടന്റെ അരങ്ങ് വാഴ്വുകൾ. ഗോത്രജീവിത വന്യത എടുത്തണിഞ്ഞ വേടന്റെ പാട്ടും ആട്ടവും നാഗരിക കാപട്യങ്ങളുടെ മുഖത്തേക്കെറിയുന്ന പന്തങ്ങൾ തന്നെയാണ്.

ചടുലമായ ഭാഷയും താളവും യുവാക്കളെ ആവേശത്തേരിലേറ്റുന്നു. വേടന്റെ പുലിപ്പല്ലിൽ പിടിത്തമിട്ട വനംവകുപ്പ് ഒരു തരത്തിൽ അയാളെ കൂടുതൽ പ്രശസ്തനാക്കുകയായിരുന്നു. വെടിമരുന്ന് അടിച്ചുനിറച്ച അമിട്ടുകുറ്റി പോലെ കാലത്തിന്റെ നെഞ്ചിലേക്ക് അതുയർന്ന് കൂടുതൽ കരുത്തോടെ പൊട്ടിവിരിയുക തന്നെ ചെയ്യും. ആസ്ഥാന ഗായകരെപ്പോലും അസ്വസ്ഥരാക്കുന്ന പാട്ടിന്റെ കറുത്ത പൂക്കൾ, വെറുപ്പിന്റെ ഈണവുമായി മറ്റൊരു വസന്താഗമത്തിന് വഴി തെളിക്കുന്നു.