ലഹരിക്കെതിരെ സൈക്കിൾ റാലി

Monday 05 May 2025 8:43 PM IST

തൃക്കരിപ്പൂർ: ലഹരിക്കെതിരെ കൈകോർക്കുക എന്ന സന്ദേശമുയർത്തി ഹൊസ്ദുർഗ് താലൂക്കിലെ ഇരുന്നൂറോളം ഗ്രന്ഥശാലകളിൽ ആറായിരം കുട്ടികൾ പങ്കെടുത്ത ലഹരിവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അവധിക്കാല വായന പരിപോഷണ പരിപാടിയായ വായന വെളിച്ചത്തിൻ്റെ ഭാഗമായിട്ടായിരുന്നു സൈക്കിൾ റാലി സംഘടിപ്പിച്ചത്. ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് നാട്ടിടവഴികളിലൂടെയും പ്രധാന റോഡുകളിലൂടെയും സഞ്ചരിച്ച സൈക്കിൾ റാലിയെ വരവേൽക്കാൻ വൻ ജനാവലി ഓരോ പ്രദേശങ്ങളിലും ഒത്തുചേർന്നിരുന്നു. ജനമൈത്രി പൊലീസ്, എക്സൈസ്, ജനപ്രതിനിധികൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ പ്രഭാഷണങ്ങൾ, ഫ്ലാഷ് മോബുകൾ, ചിത്രരചനകൾ തുടങ്ങിയവ കുരുന്നുകളുടെ ലഹരി വിരുദ്ധ കാമ്പയിന് കരുത്തു പകർന്നു.