ഒന്നൊന്നര പൂരം

Tuesday 06 May 2025 4:05 AM IST

തൃശൂർ പൂരത്തിന് പകരം വെയ്ക്കാൻ മറ്റൊന്ന് ലോകത്തില്ല എന്നതിൽ ആർക്കും സംശയമില്ല. ജനലക്ഷങ്ങളുടെ വികാരവും ലോകവിസ്മയമാകുന്നു. ഓരോ വർഷവും പേരും പെരുമയും കൂടുന്നതിനൊപ്പം പൂരത്തിനെത്തുന്ന ആൾക്കൂട്ടത്തിനും കനം വെയ്ക്കുന്നു. അതിലൊന്നും ആർക്കും അഭിപ്രായവ്യത്യാസമില്ല. എന്നാൽ ഭിന്നാഭിപ്രായമുള്ള ഒരു സംഗതിയുണ്ട്, അത് പൂരത്തിന്റെ ചരിത്രത്തെ കുറിച്ചാണ്. ചരിത്രവിദഗ്ദ്ധരും പ്രഗദ്ഭരും പലപ്പോഴും തർക്കിച്ചിട്ടുണ്ട്, ചരിത്രത്തെച്ചൊല്ലി. തൃശൂരിന്റെ ചരിത്രത്തെ ആഴത്തിൽ അപഗ്രഥിച്ച പ്രഗദ്ഭനായ എഴുത്തുകാരൻ പുത്തേഴത്ത് രാമൻ മേനോൻ പറയുന്ന ചരിത്രം ഇങ്ങനെ:

''തൃശൂർ പൂരത്തെക്കുറിച്ച് ഒരു ചരിത്രമുള്ളത്, ഈ പൂരക്കാരെല്ലാം പണ്ട് ആറാട്ടുപുഴ പൂരത്തിലാണ് പങ്കുകൊള്ളാറുള്ളത് എന്നാണ്. അതു ശരിയാവണം. പുരാതനകാലത്തെ തിരുന്നാവായയിലെ മാമാങ്കം പോലെ അന്നത്തെ പെരുമ്പടപ്പിന്റെ രാജ്യക്കാരെല്ലാം ഒന്നിച്ചു ചേർന്നു പൂരം ആഘോഷിക്കാറുള്ളത് ആറാട്ടുപുഴയിലായിരുന്നു. ചരിത്രപരങ്ങളും യാദൃച്ഛികങ്ങളുമായ പല കാരണങ്ങളാൽ ആറാട്ടുപുഴ പൂരത്തിന്റെ വ്യാപ്തിയും ശക്തിയും പ്രാപ്തിയും കുറഞ്ഞു. പല ക്ഷേത്രങ്ങളും പൂരത്തിൽ നിന്ന് പിന്മാറി. സാമ്പത്തിക അധഃപ്പതനവും ചിലരെ പിൻവലിപ്പിച്ചു. യാദൃച്ഛികങ്ങളായ ചില കാരണങ്ങളാൽ ഇന്നത്തെ തൃശൂർ പൂരത്തിലെ പൂരക്കാരും ആറാട്ടുപുഴയ്ക്ക് പോകാതായി. ആ ചുറ്റുപാടിൽ അന്നത്തെ കൊച്ചിരാജാവ് ആ പൂരക്കാരെ വടക്കുന്നാഥക്ഷേത്രത്തിന്റെ പരിസരത്തേക്ക് ക്ഷണിക്കുകയും ഒരു തൃശൂർ പൂരം ഏർപ്പാടുചെയ്യുകയുമുണ്ടായി. അങ്ങനെയുണ്ടായതാണ് തൃശൂർ പൂരം‌! ആഗമവും ആഡംബരവും ആചാരവും ആഘോഷവുമെല്ലാം ആറാട്ടുപുഴയിൽ പതിവുള്ളതു തന്നെ. അത്ര ദൂരം പോകാതെ കഴിയുകയും രാജസംഭാവന ലഭിക്കുകയും ചെയ്തപ്പോൾ എല്ലാ പൂരക്കാരും തൃശൂർ വടക്കുന്നാഥക്ഷേത്ര സന്നിധാനത്തിലെ വിസ്തൃതമായ തേക്കിൻകാട് മൈതാനത്തെ ആശ്രയിച്ചു. പൂരാഘോഷവും തുടർന്നു പോന്നു. ഇതാണ് തൃശൂർ പൂരത്തിന്റെ ചരിത്രവും പശ്ചാത്തലവും''

എന്നാൽ ഏ.ആർ.പൊതുവാൾ ബി.എ, ബി.എൽ 1966ൽ പ്രസിദ്ധീകരിച്ച ഒരു സോവനീറിൽ പറയുന്നത് ഇങ്ങനെ:

''ആറാട്ടുപുഴയിൽ നിന്നുളള പിൻമാറ്റത്തിന് പറയുന്ന കാരണം യുക്തിസഹമെന്ന് തോന്നുന്നില്ല, തീർച്ച. ഒരിക്കൽ അവിചാരിതമായി ജലപ്രളയമുണ്ടായെന്നും തൻമൂലം അപ്പോഴത്തെ യാത്ര മുടങ്ങിയെന്നുമിരിക്കട്ടെ. അടുത്ത പ്രാവശ്യം ആ പ്രയാണം തുടരുവാൻ എന്തായിരുന്നു പ്രതിബന്ധം? തൃശൂരിനും ആറാട്ടുപുഴയ്ക്കുമിടയിൽ പ്രകൃതിക്ഷോഭം കൊണ്ടുള്ള വിച്ഛിത്തിയൊന്നും നിലവിൽ വന്നതായി കാണാത്ത സ്ഥിതിയ്ക്ക് മാർഗതടസമല്ലാ പിൽക്കാലത്തെ യാത്രയ്ക്ക് തടസമായതെന്ന് വേണം വിചാരിക്കാൻ. തൃശ്ശിവപേരൂർകാരുമായി കുട്ടനെല്ലൂർക്കാർ കൂട്ടുപിരിയാനുളള ഹേതുവും അജ്ഞാതമാണ്. ആറാട്ടുപുഴയിൽ നിന്ന് വേർപെട്ടശേഷം പിന്നൊഴിഞ്ഞ കക്ഷികൾ ഏതു മാസത്തിലെ ഏതു നക്ഷത്രമാണ് തങ്ങളുടെ പൂരത്തിന് സ്വീകരിച്ചതെന്ന് അറിവാകുന്നില്ല. തൃശൂർ വിഭാഗത്തെ പരിത്യജിച്ചതിൽ പിന്നെ കുട്ടനെല്ലൂർ കക്ഷി കുംഭമാസത്തിലെ പൂരം നക്ഷത്രം അവരുടെ ഉത്സവമാഘോഷിക്കാൻ സ്വീകരിച്ച് എന്തുകൊണ്ടാണ്? തൃശൂർ പൂരം മേടത്തിലെ പൂരം നക്ഷത്രത്തിലേക്ക് നീട്ടാനും എന്താണു ഹേതു? മീനമാസത്തിലെ പൂരം ആറാട്ടുപുഴയ്ക്കും കുംഭമാസത്തിലെ പൂരം കുട്ടനെല്ലൂർക്കും മേടമാസത്തിലെ പൂരം തൃശ്ശിവപേരൂർക്കും തിരിച്ചുവെയ്ക്കാൻ പ്രത്യേക കാരണങ്ങളെന്തെങ്കിലും ഉണ്ടോ? പൊതുജനങ്ങൾക്ക് മൂന്നു മാസങ്ങളിലും കണ്ടാനന്ദിപ്പാൻ കാഴ്ചകളുണ്ടായിക്കൊള്ളട്ടെയെന്ന് ഉദ്ദേശിച്ച് ഭിന്നിച്ചുപിരിഞ്ഞ കക്ഷികൾ ഒന്നിച്ചുചേർന്ന് തീരുമാനിച്ചതല്ലല്ലോ. എല്ലാറ്റിനും പുറമേ തൃശൂർ പൂരം, കുട്ടനെല്ലൂർ പൂരം എന്നീ പ്രകാരം മൊത്തത്തിൽ പറയുമ്പോൾ തൃശൂരിൽ നിന്നും കുട്ടനെല്ലൂരിൽ നിന്നും ഓരോ എഴുന്നെളളിപ്പു മാത്രമേ ആറാട്ടുപുഴയ്ക്ക് പോയിരുന്നുള്ളൂ എന്നാണോ വിവക്ഷ? അതോ,തൃശിവപേരൂർ പൂരത്തിൽ സംബന്ധിച്ചിരുന്ന പൂരങ്ങൾ പത്തും കുട്ടനെല്ലൂർ പൂരത്തിൽ പങ്കെടുക്കുന്ന പൂരങ്ങൾ അഞ്ചും ഇതിൽ ഭാഗഭാക്കുകളാകാറുണ്ടെന്നാണോ സങ്കൽപ്പം? ഈ പ്രശ്നങ്ങൾക്കൊന്നും പിൻമാറ്റ നിഗമന പ്രണേതാക്കൾ സമാധാനം നൽകുന്നില്ല. ആറാട്ടുപുഴ ബന്ധത്തിന്റെ നിലപാട് ഇങ്ങനെ നോക്കുമ്പോൾ ഉറച്ചതല്ലെന്ന് ബോദ്ധ്യപ്പെടും.''

ഇന്ന് പ്രചാരത്തിലുളള ചരിത്രം

ശക്തൻ തമ്പുരാന്റെ കാലത്ത് ദക്ഷിണ കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു പെരുമയിൽ ഒന്നാമത്. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിൽ നിന്നും ദേവകളെത്തുമായിരുന്നു. ദേവകളെന്നാൽ മുപ്പത്തിമുക്കോടി ദേവകൾ എന്നർത്ഥം. ലോകത്തെ എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നായിരുന്നു വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ( 977 മേടം) തൃശൂർ പൂരം ആരംഭിച്ചു. അങ്ങനെ ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് നേരിട്ട തൃശ്ശിവപേരൂർ ദേശക്കാർക്ക് വേണ്ടി ശക്തൻ തമ്പുരാൻ തുടങ്ങിയ പൂരമാണ്‌ പിന്നീട്‌ ലോകത്തേയും കാലത്തേയും അതിശയിപ്പിക്കുന്ന പൂരമായത്.

പഴുതുകളടച്ച് ഈയാണ്ടിലെ പൂരം

പോയ കാലത്തൊന്നും കാണാത്ത, കേൾക്കാത്ത വിവാദമായിരുന്നു കഴിഞ്ഞ വർഷത്തെ പൂരം സൃഷ്ടിച്ചത്. തിരഞ്ഞെ‌ടുപ്പുകാലമായിരുന്നതിനാൽ വിവാദം രാഷ്ട്രീയ നിറങ്ങളുള്ള കുട ചൂടി. കടുത്ത നിയന്ത്രണങ്ങളുടെ പേരിൽ പൂരം മുടങ്ങിയപ്പോൾ പൊലീസും ദേവസ്വങ്ങളും ഭരണകൂടവുമെല്ലാം വാദിയും പ്രതിയുമെല്ലാമായി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരസ്പരം പഴിചാരി. ഈയാണ്ടിൽ അതുകൊണ്ടു തന്നെ കടുത്ത സുരക്ഷയ്ക്കൊപ്പം പഴുതടച്ച മുന്നൊരുക്കങ്ങളുമാണ്. പരാതികളും വിവാദങ്ങളും ഒഴിവാക്കാൻ ഭരണകൂടവും പൊലീസും ദേവസ്വങ്ങളും കണ്ണിമ വെട്ടാതെ പൂരപ്പറമ്പിലുണ്ട്. വിവാദങ്ങൾക്കു ശേഷമുള്ള പൂരമായതിനാൽ ജനത്തിരക്ക് കൂടുമെന്നാണ് പറയുന്നത്. അതിനുളള ലക്ഷണങ്ങൾ എല്ലാം തൃശൂരിൽ കാണുന്നുമുണ്ട്. കൊടിയേറ്റം കഴിഞ്ഞപ്പോൾ തന്നെ നഗരം നിറഞ്ഞു തുടങ്ങി. തിരക്കോടു തിരക്ക് തന്നെ. എന്തു വില കൊടുത്തും പൂരം കാണുമെന്ന് നിശ്ചയിച്ച് ജനങ്ങൾ ഒഴുകാൻ തുടങ്ങിയിരിക്കുന്നു. അതെ, പൂരം കണ്ടില്ലെങ്കിൽ പിന്നെന്തു കാര്യം?