മാമ്പഴം വിളയുന്ന ഈ മണ്ണിൽ ഉണ്ടായിരുന്നു ഒരു ശവകുടീരം സാവൂറിന്റെ കുടുംബത്തിന് നൽകിയ വാക്ക് മറന്ന് കാർഷിക സർവകലാശാല
നീലേശ്വരം: ഇന്ത്യയിലും വിദേശത്തുമായി വിളയുന്ന മാമ്പഴങ്ങളുടെ രുചി ആസ്വദിക്കാൻ മാമ്പഴ ഫെസ്റ്റ് നടന്നുവരുന്ന പടന്നക്കാട് കാർഷിക കോളേജിൽ വിസ്മൃതിയിലായി പോയ ഒരു ശവകുടീരമുണ്ട്. തന്റെ മൃതദേഹം അടക്കം ചെയ്യാനുള്ള അഞ്ച് സെന്റ് ഒഴികെ ഏക്കർ കണക്കിന് സ്ഥലം കാർഷികകോളേജിന് സംഭാവനയായി നൽകിയ ദക്ഷിണ കാനറ ഡെപ്യുട്ടി വിദ്യാഭ്യാസ ഡയറക്ടായിരുന്ന ആർ.എം.സാവൂർ സാഹിബിന്റേതാണിത്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന നാല് സെന്റ് സ്ഥലം മതിൽകെട്ടി സംരക്ഷിക്കാമെന്ന് കുടുംബത്തിന് നൽകിയ വാക്ക് മറന്ന കാർഷിക സർവകലാശാല ഓർമ്മക്കല്ലുപോലും ശേഷിപ്പിക്കാതെ ഇത് ഇടിച്ചുനിരത്തി പപ്പായ കൃഷി നടത്തിയാണ് നന്ദികേടിന് മാതൃകയായത്.
സാവൂർ നട്ടുപിടിപ്പിച്ച മാവുകളിലൂടെയാണ് കാർഷികകോളേജിന് മാന്തോപ്പ് ഉണ്ടായത്.
വർഷങ്ങൾക്ക് മുൻപ് കാട്മൂടി കിടന്ന ഇവിടം കാട് വെട്ടി തെളിച്ച് വൃത്തിയാക്കിയപ്പോൾ ശവകുടിരം ഇല്ലാതായി.പടന്നക്കാട്ടെ 'മധുര മനുഷ്യനായി അറിയപ്പെട്ട എം. ആർ. സാവൂർ 1972ലാണ് മരിക്കുന്നത്. ട്രൗസറും ബനിയനും തൊപ്പിയുമായി ചുണ്ടിൽ പുകയുന്ന ചുരുട്ടും കയ്യിൽ വാക്കിംഗ് സ്റ്റിക്കുമായി നടന്ന് ഏക്കർകണക്കിന് സ്ഥലത്താണ് മാവുകൾ നട്ടുപിടിപ്പിച്ചത്. വിദേശയിനം നായകളുമായി നടന്നു പോകുന്ന സാവൂർ അന്ന് പടന്നക്കാടിന്റെ അലങ്കാരമായിരുന്നു. പടന്നക്കാട് ബ്രിട്ടീഷ് സർക്കാർ പതിച്ചു നൽകിയ ഏക്കർ കണക്കിനു ഭൂമിയിൽ വീട് വച്ച് ഇദ്ദേഹവും കുടുംബവും ഇവിടെ താമസമുറപ്പിക്കുകയായിരുന്നു. ഇന്നത്തെ കാർഷിക കോളേജും ഫാം ഹൗസും നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജുമുൾപ്പെടെ സ്ഥിതി ചെയ്യുന്ന വിശാലമായ സ്ഥലം സാവൂറിന്റേതായിരുന്നു. ജോലിക്കൊപ്പം കൃഷിയും ഇദ്ദേഹം മുന്നോട്ട് കൊണ്ട് പോയി. ജപ്പാൻ മോഡൽ കൃഷി അടക്കം ഇവിടെ പരിചയപ്പെടുത്തി. സിംഗപ്പൂർ പ്ലാവ്, ജാഫ്ന മുരിങ്ങ, ഇവിടുത്തെ കാലാവസ്ഥയിൽ വളരാത്ത ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയും അദ്ദേഹം പടന്നക്കാടെത്തിച്ചതായി പഴമക്കാർ പറയുന്നു. ശാസ്ത്രീയമായ കൃഷി രീതിയായിരുന്നു സാവൂർ സ്വീകരിച്ചിരുന്നത്. വിവിധ വിദേശയിനം പശുക്കളെയും അദ്ദേഹം വളർത്തിയിരുന്നു. നിരവധി തൊഴിലാളികളും ഇദ്ദേഹത്തിന് കീഴിൽ ഉണ്ടായിരുന്നു.
ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകൾ അറിയാവുന്ന സാവൂരിന്റെ അടുത്തേക്ക് കൃഷിയെ കുറിച്ച് അറിയാനും പഠിക്കാനും ബ്രിട്ടീഷ് സർക്കാറിന് കീഴിലുള്ള കൃഷി ഓഫീസർമാർവരെ എത്തിയിരുന്നു.
ചെറുമകൻ അഭ്യർത്ഥിച്ചിട്ടും ചെവിക്കൊണ്ടില്ല
ഇദ്ദേഹം കാർഷിക കോളേജിന് വിട്ടുനൽകിയ സ്ഥലം പിന്നീട് 1994-ൽ നിയമപരമായി കാർഷിക സർവകലാശാലയുടെ കീഴിൽ ആയി. ചെറുമകൻ റിട്ട.എയർ വൈസ് ചീഫ് മാർഷൽ ശരത് വൈ സാവൂർ മുൻപ് ഇദ്ദേഹത്തിന്റെ ശവകൂടിരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും കാർഷിക കോളേജ് ചെവി കൊണ്ടില്ല. വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ ചരിത്ര ശേഷിപ്പ് പോലും ഇല്ലാതായി. ആദ്യം ഇവിടെ കൃഷിവകുപ്പിന് കീഴിൽ പടന്നക്കാട് ഫാമായിരുന്നു. പിന്നീടാണ് ഇവിടെ കാർഷിക കോളേജ് നിലവിൽ വന്നത്.