ഡീൻ നോമിനേഷനിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് ഒറ്റ അദ്ധ്യാപകരില്ല ചട്ടവിരുദ്ധമെന്ന് സിൻഡിക്കേറ്റ്; വ്യാപക പ്രതിഷേധം
കണ്ണൂർ: ഗവർണർ ഇറക്കിയ ഡീൻമാരുടെ നോമിനേഷനിൽ കണ്ണൂർ സർവകലാശാലയിലെ ഒറ്റ അദ്ധ്യാപകരെ പോലും പരിഗണിക്കാത്തത് വിവാദമാകുന്നു. മറ്റ് യൂണിവേഴ്സിറ്റികളിൽ നിന്നുള്ളവരെ മാത്രം പരിഗണിച്ച ലിസ്റ്റിനെതിരെ സിൻഡിക്കേറ്റും വിദ്യാർത്ഥി സംഘടനകളും കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. വൈസ് ചാൻസലരുടെ താൽപര്യപ്രകാരമാണ് നിയമവിരുദ്ധമായ ലിസ്റ്റ് പുറത്തിറക്കിയതെന്ന ആരോപണമാണ് പ്രതിഷേധവുമായി രംഗത്തുള്ളവർ ഉന്നയിക്കുന്നത്.
ഗവർണറുടെ ഓർഡർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ യൂണിവേഴ്സിറ്റിയിൽ വ്യാപക പ്രതിഷേധം അരങ്ങേറി. കഴിഞ്ഞ മൂന്നാം തീയ്യതിയാണ് ഇറങ്ങിയ ഡീൻമാരുടെ നോമിനേഷൻ ഓർഡർ ഇറങ്ങിയത്. ഇതിൽ കണ്ണൂർ സർവകലാശാലയിലെ അദ്ധ്യാപകരെ ഉൾപ്പെടുത്താത്തത് ജനാധിപത്യ വിരുദ്ധമെന്നാണ് വിദ്യാർത്ഥി സംഘടനകളും സിൻഡിക്കേറ്റംഗങ്ങളും ആരോപിക്കുന്നത്.ചട്ടവിരുദ്ധമായി ഡീൻമാരെ നിയമിച്ചതിലും കഴിഞ്ഞ ദിവസം നടത്തിയ സമരത്തിൽ വൈസ് ചാൻസലർ നൽകിയ ഉറപ്പ് പാലിക്കാത്തതിലും പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസുമായുള്ള ഉന്തിലും തള്ളിലും എസ്.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റംഗം അതുൽ മൊറാഴയ്ക്ക് മുഖത്ത് മുറിവേറ്റു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നാലെ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം ഡീൻ നിയമനത്തിനെതിരെ പ്രമേയം പാസാക്കി. ഓർഡറിനെ നിയമപരമായി നേരിടാനും ആലോചന നടക്കുന്നുണ്ട്. നേരത്തെ മാങ്ങാട്ടു പറമ്പ് ക്യാമ്പസിലെ എം.എ ഹിസ്റ്ററി വിഭാഗത്തെ പാലയാടേക്ക് മാറ്റുന്നതടക്കമുള്ള ഏകപക്ഷീയ തീരുമാനങ്ങൾ വൈസ് ചാൻസറിൽ നിന്നുണ്ടാകുന്നതായി വിമർശനമുയർന്നിരുന്നു.
സിൻഡിക്കേറ്റ് വാദം ഇങ്ങനെ
കണ്ണൂർ സർവ്വകലാശാല ആക്ട് 1996 പ്രകാരം റൊട്ടേഷൻ അടിസ്ഥാനത്തിൽ സർവകലാശാലയിലെ വകുപ്പ് തലവന്മാരിൽ നിന്നോ പ്രൊഫസർമാരിൽ നിന്നോ അല്ലെങ്കിൽ വിദഗ്ധരായവരിൽ നിന്നോ ആയിരിക്കണം നോമിനേഷൻ.എന്നാൽ ഒരാളെ പോലും സർവകലാശാലയിൽ നിന്ന് പരിഗണിക്കാതെയാണ് സർവകലാശാലയ്ക്ക് പുറമേ നിന്നുള്ള പത്ത് പേരെ ഫാക്കൽറ്റി ഡീൻമാരായി നിയോഗിച്ച് ഗവർണർ ഉത്തരവിറക്കിയത്.
ഗവർണറുടെ ഡീൻ ഓർഡർ ഇങ്ങനെ
ഡോ. പി. രമേശൻ, (ഐ.ഐ.എം കോഴിക്കോട്),ഡോ. മനു(കേന്ദ്ര സർവകലാശാല കാസർകോട്),ഡോ. കെ. ഗിരീഷ് കുമാർ (കുസാറ്റ്), ഡോ. കെ. ശിവരാമ റാവു (കേന്ദ്ര സർവകലാശാല ഹിമാചൽ പ്രദേശ്),ഡോ. ടി.വി മണികണ്ഠൻ (ഡൽഹി സർവകലാശാല),ഡോ. എൻ. സന്തോഷ് ഗൗഡ (ബംഗളൂരു സർവകലാശാല),ഡോ. എം. ഭാസി (കുസാറ്റ്),ഡോ. ശ്രീകല എടന്നൂർ (പോണ്ടിച്ചേരി സർവകലാശാല),ഡോ. എം.ബി സന്തോഷ് കുമാർ (കുസാറ്റ്),ഡോ. ജി. കിഷോർ (പ്രിൻസിപ്പൽ, സായി തിരുവന്തപുരം).
സർവകലാശാല ആക്ടിൽ പറയുന്നതെല്ലാം കാറ്റിൽ പറത്തിയതാണ് പുതിയ ഫാക്കൽറ്റി ഡീൻ നിയമനം. സർവകലാശാലയിൽ യോഗ്യരായ ഫാക്കൽറ്റികൾ ഇല്ലാത്ത ഘട്ടത്തിൽ മാത്രമാണ് മറ്റുള്ള സർവകലാശാലകളിൽ നിന്ന് നിയമനം നടത്തേണ്ടതുള്ളു. ഇത് കണ്ണൂർ സർവകലാശാലയിലെ അദ്ധ്യാപകരുടെ മികവിനെ ചോദ്യം ചെയ്യുന്നതാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുമടക്കം ഡീൻമാരെ തിരഞ്ഞെടുത്തതിന് പിന്നിൽ ബി.ജെ.പി സംഘപരിവാർ ബന്ധമാണ്.വി.സി ഗവർണർക്ക് നൽകിയ ലിസ്റ്റ് പ്രത്യേക താൽപ്പര്യം വച്ചുള്ളതാണ്- സിൻഡിക്കേറ്റ് അംഗം എൻ. സുകന്യ.