സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം സി.പി.എം ജില്ലാ സെക്രട്ടറി വിവാദത്തിന് മറുപടിയുമായി കെ.കെ.രാഗേഷ്
കണ്ണൂർ: മുഖ്യമന്ത്രി ഉദ്ഘാടകനായ സർക്കാർ പരിപാടിയിൽ സി.പി.എം ജില്ലാ സെക്രട്ടറി വേദിയിൽ ഇടം പിടിച്ചത് വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കെ.കെ.രാഗേഷ്. മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്രക്കുറിപ്പ് പ്രകാരം മുൻ എം.പി എന്ന നിലയിലാണ് പരിപാടിയിൽ സംബന്ധിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ വേദിയിൽ ഇരുന്നതിനെ പരിഹസിച്ച മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിലാണു രാഗേഷും ഇടംപിടിച്ചത്.സംഭവത്തിൽ വിമർശനവുമായി ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തിയതിന് പിന്നാലെയാണ് സി.പി.എം ജില്ലാസെക്രട്ടറിയുടെ വിശദീകരണം. ചടങ്ങിൽ എം.പിമാരായ കെ.സുധാകരൻ, വി.ശിവദാസൻ, പി.സന്തോഷ്‌കുമാർ എന്നിവർ മുഖ്യാതിഥികളായി ഉണ്ടായിരുന്നെങ്കിലും ഇവരിൽ വി.ശിവദാസൻ മാത്രമാണ് പങ്കെടുത്തത്.
വിഴിഞ്ഞം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമം:കെ.കെ.രാഗേഷ്
സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ ഇരുന്നതിനെ ന്യായീകരിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് രംഗത്തെത്തി വേദിയിൽ ഇരുന്നത് മഹാപരാധമല്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ക്ഷണം ഇല്ലെങ്കിലും മുൻ എം.പിമാർ പങ്കെടുക്കാറുണ്ട്. പരിപാടിയിൽ പങ്കെടുത്തത് മുൻ ജനപ്രതിനിധി എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത് എന്നും കെ.കെ രാഗേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം പരിപാടിക്ക് എത്തിയപ്പോൾ സംഘാടകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വേദിയിൽ ഇരുന്നതെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. വിഴിഞ്ഞം പരിപാടിയിൽ മന്ത്രിമാർ പോലും ഇരിക്കാത്ത വേദിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഇരുന്നതാണ് പ്രശ്നം. ഈ വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടായ വാർത്തയാണിതെന്നും കെ.കെ. രാഗേഷ് ആരോപിച്ചു.രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാനാണ് ഇപ്പോഴത്തെ വിവാദമെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. ബി.ജെ.പിക്കൊപ്പം കോൺഗ്രസും രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശുകയാണ്. വിഴിഞ്ഞം ഉദ്ഘാടനം ലജ്ജാകരമായ രീതിയിൽ ബി.ജെ.പി രാഷ്ട്രീയവത്കരിച്ചു. പ്രോട്ടോകോൾ പ്രകാരം സംസ്ഥാനം പറയാത്ത പേരായിരുന്നു ബി.ജെ.പി അദ്ധ്യക്ഷന്റേത് എന്നും രാഗേഷ് പറഞ്ഞു.
ക്ഷണിച്ചില്ലെന്ന് ഡി.ടി.പി.സി.
സി.പി.എം ജില്ലാ സെക്രട്ടറിയെന്ന നിലയ്‌ക്കോ മുൻ എം.പിയെന്ന നിലയ്‌ക്കോ രാഗേഷിനെ ക്ഷണിച്ചിട്ടില്ലെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇൻഫർമേഷൻ ഓഫിസർ കെ.സി.ശ്രീനിവാസൻ പറഞ്ഞു.