സ്‌കൂൾ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു, അന്യസംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

Tuesday 06 May 2025 3:28 AM IST

മാവേലിക്കര: തെക്കേക്കരയിൽ വിദ്യാർത്ഥിനിക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. ട്യൂഷന് പോകാൻ ബസ് കാത്തുനിന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അന്യസംസ്ഥാന തൊഴിലാളി കടന്നുപിടിച്ചത്. ഇന്നലെ ഉച്ചക്ക് 12നായിരുന്നു സംഭവം.

തെക്കേക്കര ചൂരല്ലൂർ സ്വദേശിനിയായ കുട്ടി ചൂരലല്ലൂർ അനാഥശാലയ്ക്ക് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം ആക്രി ശേഖരിച്ച് ഇതുവഴി വന്ന പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി മുകുൾ ഷെയ്ക്ക് (30) കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. ശക്തമായ പ്രതിരോധിച്ച കുട്ടി, ഇയാളെ കീഴ്പ്പെടുത്തിയ ശേഷം ആളുകളെ വിളിച്ചു കൂട്ടി. തുടർന്ന് കുറത്തികാട് പൊലീസ് എത്തി അക്രമിയെ കസ്റ്റഡിയിലെടുത്തു. നിസാരമായി പരിക്കേറ്റ കുട്ടി രക്ഷാകർത്താക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. അഞ്ചു ദിവസം മുമ്പ് ഒരു സുഹൃത്തിനൊപ്പമാണ് മുകുൾ ഷെയ്ക്ക് കേരളത്തിലെത്തിയത്. പ്രതിയെ ചോദ്യം ചെയ്തു വരുകയാണെന്ന് പൊലീസ് പറഞ്ഞു.