സർക്കാർ വാർഷികം,കോൺഗ്രസ് മാർച്ച് ജില്ല സുരക്ഷാവലയത്തിൽ
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ദിവസം നീളുന്ന പരിപാടിയും കോൺഗ്രസിന്റെ കളക്ട്രേറ്റ് മാർച്ചും കണക്കിലെടുത്ത് ജില്ലയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 500 ലധികം പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലകൾക്കായി നിയോഗിച്ചിട്ടുള്ളത്. തൃശൂർ പൂരവും എടത്വാപള്ളി പെരുന്നാളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ അവിടേയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ അയൽ ജില്ലകളിൽ നിന്നുൾപ്പെടെയുള്ള പൊലീസ് സേനാംഗങ്ങളുടെ സഹായത്തോടെ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ സന്ദർശനവും കോൺഗ്രസ് പ്രതിഷേധവും കണക്കിലെടുത്ത് ജില്ലയിൽ അഡി.എസ്.പിയുടെ നേതൃത്വത്തിൽ പട്രോളിംഗും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ മധുബാബു, അമ്പലപ്പുഴ ഡിവൈ.എസ്.പി രാജേഷ് എന്നിവർക്കാണ് നഗരത്തിലെ സുരക്ഷാചുമതല.
മുഖ്യമന്ത്രി രാവിലെ എത്തും
ഇന്ന് രാവിലെ 10ന് ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. പൗര പ്രമുഖരുൾപ്പെടെ ക്ഷണിക്കപ്പെട്ട 500 ലധികം പേർക്കാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. ഉച്ചയ്ക്ക് 12.30 വരെ നീളുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ആലപ്പുഴ ഗവ.റസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണവും വിശ്രമവും. വൈകുന്നേരം ആറുമണിക്ക് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആലപ്പുഴ ബീച്ചിൽ നടത്തുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി സംബന്ധിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത, മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ, തോമസ് കെ.തോമസ് എം.എൽ.എ, കെ.സി ജോസഫ്, ഷിഹാബുദ്ദീൻ, കൊല്ലങ്കോട് രവീന്ദ്രൻ, എ.പി ഉദയഭാനു തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. ഒരുലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം വാഹന പാർക്കിംഗ്, ഗതാഗത ക്രമീകരണങ്ങൾ എന്നിവയ്ക്കുള്ള സംവിധാനങ്ങളും പൊലീസിന് സജ്ജമാക്കേണ്ടതുണ്ട്.
മാർച്ച് കളക്ട്രേറ്റിലേക്ക്
സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ഭരണ പരാജയത്തിനുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടക്കും. ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന മാർച്ചിൽ ആയിരത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്യും.നേതാക്കളായ എ.എ ഷുക്കൂർ, കെ.പി.ശ്രീകുമാർ, ബി.ബാബുപ്രസാദ്, എം.ജെ.ജോൺ, ജോൺസൺ എബ്രഹാം, ഷാനിമോൾ ഉസ്മാൻ,അഡ്വ.ഡി. സുഗതൻ, കോശി.എം കോശി, സി.കെ.ഷാജി മോഹൻ തുടങ്ങിയവർ സംസാരിക്കും.
സുരക്ഷയ്‌ക്ക്
പൊലീസുകാർ: 500