കള്ളനോട്ടുമായി അസാം തൊഴിലാളി അറസ്റ്റിൽ, പിടിച്ചെടുത്തത് 500 ന്റെ നോട്ടുകൾ

Tuesday 06 May 2025 1:17 AM IST

കഴക്കൂട്ടം : കഴക്കൂട്ടത്ത് കള്ളനോട്ടുമായി അതിഥിത്തൊഴിലാളി അറസ്റ്റിൽ. അസാം സ്വദേശി പ്രേംകുമാർ ബിസ്വാസ് (26) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 29,000 രൂപയുടെ കള്ളനോട്ടുകൾ പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്തതെല്ലാം 500 ന്റെ നോട്ടുകളാണ്. കഴക്കൂട്ടം കരിയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകൾ കണ്ടെടുത്തത്. പഴ്സിൽ നിന്ന് ആദ്യം അഞ്ഞൂറിന്റെ 6 നോട്ടുകൾ കണ്ടെടുത്തു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബാക്കി തുക വാടകവീട്ടിലെ ബാഗിൽ നിന്നു പൊലീസ് കണ്ടെടുത്തത്. കൂടുതൽ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്. പ്രവീൺ പറഞ്ഞു.