കുഞ്ഞുങ്ങളെ സർക്കാർ ബലിയാടാക്കരുത്: വി.ഡി. സതീശൻ

Tuesday 06 May 2025 1:26 AM IST

തിരുവനന്തപുരം: സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കും അഴിമതിക്കും കുട്ടികളെയുൾപ്പെടെയുള്ളവരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തിരുത്താനാകാത്ത തകർച്ചയിലേക്കാണ് പിണറായി സർക്കാർ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. പിഞ്ചു കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. പ്രതിരോധ കുത്തിവയ്‌പ്പെടുത്തിട്ടും എസ്.എ.ടി ആശുപത്രിയിൽ കൊല്ലം കുന്നിക്കോട് സ്വദേശിയായ ഏഴുവയസുകാരി നിയാ ഫൈസൽ മരിച്ചത് ആരോഗ്യവകുപ്പിന്റെ അനാസ്ഥ കാരണമാണ്. മൂന്നു ഡോസ് വാക്സിനെടുത്ത കുട്ടിക്ക് പേവിഷബാധയുണ്ടായത് ഗൗരവതരമാണ്. ഒരുമാസത്തിനിടെ പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് മരിച്ചത്. ഗുണനിലവാര പരിശോധന നടത്താത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ആശുപത്രികളിൽ നൽകിയെന്ന് സി.എ.ജി കണ്ടെത്തിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി.