മോദി മറുപടി ചിരിയിൽ ഒതുക്കി: പിണറായി

Tuesday 06 May 2025 1:30 AM IST

പാലക്കാട്: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിംഗ് വേളയിൽ വികസനത്തിനായി കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു നിൽക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദി എന്ന് പറഞ്ഞപ്പോൾ മറുപടി ചിരിയിലൊതുക്കിയെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ.

എന്തുകൊണ്ട് പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കിയെന്ന് എല്ലാവർക്കുമറിയാം. സഹായിക്കേണ്ടവർ നമ്മളെ ദ്രോഹിക്കുന്ന സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംയുക്ത പദ്ധതികളിൽ കേന്ദ്രവിഹിതം ചുരുങ്ങുന്ന സാഹചര്യമാണുള്ളത്. 70 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ന് ശേഷം പല പ്രതിസന്ധികളുണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് സർക്കാർ മുന്നോട്ടു പോയത്. കേന്ദ്രത്തിന്റെ ശ്വാസം മുട്ടിക്കുന്ന നടപടി ഉണ്ടായിട്ടും പിടിച്ചുനിൽക്കാൻ കഴിഞ്ഞത് സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിച്ചതിനാലാണ്. കേരളത്തിന്റെ പൊതുകടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം 36 % നിന്ന് 34% ആയി കുറയുകയാണുണ്ടായത്. കേന്ദ്ര - സംസ്ഥാന സംയുക്ത പദ്ധതികളിൽ കേന്ദ്ര വിഹിതം കുറയുകയും സംസ്ഥാന വിഹിതം കൂടുകയും ചെയ്യുന്നു. നിലവിൽ സംയുക്ത വികസന പദ്ധതികളിൽ 70 ശതമാനവും സംസ്ഥാന വിഹിതമാണ്.ഐ ടി മേഖല വലിയ വളർച്ചയിലായി. ഐ.ടി കമ്പനികളുടെ എണ്ണം കൂടി. ഐ.ടി കയറ്റുമതി 2016ൽ 34,123 കോടി രൂപ ആയിരുന്നു. നിലവിൽ 90,000 കോടി രൂപയായി ഉയർത്താൻ സർക്കാരിന് സാധിച്ചു. തൊഴിലെടുക്കുന്നവരുടെ എണ്ണവും വലിയ തോതിൽ കൂടി. സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും സാധ്യതയുള്ള ഇടമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. മന്ത്രിമാരായ എം.ബി.രാജേഷ്, അഡ്വ.ജി.ആർ.അനിൽ, എ.കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.