യുവാക്കളിൽ ഹിറ്റായി പൂരം വിളംബരം

Tuesday 06 May 2025 12:32 AM IST

തൃശൂർ​: പഴമക്കാരുടെ വാമൊഴിയിലും വാർത്താ മാദ്ധ്യമങ്ങളിലും സൈബറിടങ്ങളിലും കേട്ടും കണ്ടുമറിഞ്ഞ് യുവത കൂട്ടമായെത്തി, ആണ്ടിലൊരിക്കൽ തുറക്കുന്ന പൂരവാതിൽ ചന്തം കാണാൻ..! ക്ഷേത്രദർശനമെല്ലാം പൂർത്തിയാക്കി രാവിലെ തന്നെ ഭക്തരും പൂരപ്രേമികളും നെയ്തലക്കാവിലമ്മയുടെ വരവിനായി കാത്തുനിന്നു. ഞായറാഴ്ച അർദ്ധരാത്രി മുതൽ തുള്ളിയിട്ട് തുടങ്ങി ഇന്നലെ പുലർച്ചെയോടെ പെരുമഴയായി കൊട്ടിക്കലാശിക്കുമ്പോൾ പൂരപ്രേമികളുടെ മനസും ഒന്ന് വിതുമ്പി. എന്നാൽ തെളിഞ്ഞ ആകാശം ഇന്നലെ രാവിലെ മുതൽ ദൃശ്യമായതോടെ എല്ലാവരുടെയും മനസ് നിറഞ്ഞു.

സ്വരാജ് റൗണ്ടിലേക്കുള്ള വഴികളിലൂടെ ചെറുസംഘങ്ങളായെത്തി രാവിലെ 11 ഓടെ തന്നെ തെക്കെ ഗോപുരനടയ്ക്ക് മുൻപിൽ ആൾക്കടലായി മാറി. പിന്നീട് രണ്ട് മണിക്കൂറോളം കാത്തിരുന്നാണ് കൃത്യം 12.46 ഓടെ തെക്കെ ഗോപുരവാതിൽ തുറന്ന് നെയ്തലക്കാവിലമ്മയുടെ കോലമേന്തി ഗജരാജൻ എറണാകുളം ശിവകുമാർ എത്തിയത്.

ഉയർത്തിപ്പിടിച്ച മൊബൈൽ കാമറകൾക്കും വിടർന്ന കണ്ണുകൾക്കും മുൻപിൽ ഒരത്ഭുതം പോലെ ശിവകുമാർ തുമ്പി ഉയർത്തി നിന്നപ്പോൾ ഹർഷാരവങ്ങളും ആർപ്പുവിളികളും ഉയർന്നു. മൂന്നുവട്ടം അഭിവാദ്യം ചെയ്ത് പടിഞ്ഞാറെ നടയിലെ നിലപാട് തറയിലേക്ക് പോകും വരെ യുവാക്കളും പൂരപ്രേമികളും തെക്കെഗോപുരനടയിൽ തന്നെ നിലയുറപ്പിച്ചു.

രണ്ടുവർഷം മുൻപ് നെയ്തലക്കാവിലമ്മയുടെ കോലമേറ്റി സാക്ഷാൽ രാമൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കെഗോപുരനട തുറന്നതോടെയാണ് പൂരം വിളംബരവും ഹിറ്റായി മാറിയത്.