ചെങ്കോട്ടയുടെ അവകാശം കൈമാറണം; ഹർജി തള്ളി

Tuesday 06 May 2025 1:25 AM IST

ന്യൂഡൽഹി: ചെങ്കോട്ടയുടെ അവകാശം കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഗൾ ചക്രവർത്തി ബഹാദൂർ ഷാ സഫറിന്റെ വംശപരമ്പരയിലുള്ള സുൽത്താന ബീഗം നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന,​ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ചെങ്കോട്ട മാത്രമാക്കിയതെന്ത്,ഫത്തേപൂ‌ർ സിക്രി കൂടി ചോദിക്കാമായിരുന്നല്ലോ? അത് ഒഴിവാക്കിയതെന്ത്? -എന്നിങ്ങനെയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. തെറ്രിദ്ധരിപ്പിക്കുന്ന ഹർജിയെന്നും വിമർശിച്ചു. ഡൽഹി ഹൈക്കോടതി ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ഹർജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. ചെങ്കോട്ട നിയമവിരുദ്ധമായി കേന്ദ്രസർക്കാർ കൈവശപ്പെടുത്തിയിരിക്കുന്നു. ഇത് വിട്ടുകിട്ടണം. ഇത്രയും കാലം കൈവശം വച്ചതിന് തനിക്ക് നഷ്‌ടപരിഹാരം വേണമെന്നും സുൽത്താന ആവശ്യപ്പെട്ടിരുന്നു.